ജറൂസലമിൽ തീവ്ര ജൂത സംഘടനകളുടെ വിവാദ മാർച്ചിന് അനുമതി; ഫലസ്തീനിൽ സംഘർഷ വഴിയിൽ ബെനറ്റ് സർക്കാറും
text_fieldsജറൂസലം: തീവ്ര വലതുപക്ഷ സംഘടനകളും ജൂത കുടിയേറ്റ സംഘടനകളും ചേർന്ന് ജറൂസലമിലെ പഴയ പട്ടണത്തിൽ പദ്ധതിയിട്ട വിവാദ മാർച്ചിന് ഇസ്രായേലിലെ നാഫ്റ്റലി ബെനറ്റ് സർക്കാറിന്‍റെ അനുമതി. 'പതാകകളുടെ മാർച്ച്' എന്നു പേരിട്ട മാർച്ച് ജറൂസലം പഴയ പട്ടണത്തിന്‍റെ ഡമസ്കസ് ഗേറ്റ് കടന്ന് മുസ്ലിം മേഖലയിൽ കടക്കാനാണ് ലക്ഷ്യമിടുന്നത്. മുസ്ലിം പ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കുമെന്നുറപ്പുള്ള മാർച്ചിനെതിരെ ഹമാസ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മസ്ജിദുൽ അഖ്സക്കു സമീപം ശൈഖ് ജർറാഹ് പ്രദേശത്തെ മുസ്ലിം കുടുംബങ്ങളെ ഒഴിപ്പിച്ച് കുടിയേറ്റം വ്യാപിപ്പിക്കുന്ന സർക്കാർ പദ്ധതി നിലനിൽക്കെയാണ് കൂടുതൽ മേഖലകളിൽ സംഘർഷത്തിന് തീവ്ര ജൂത സംഘടനകൾ അരങ്ങൊരുക്കുന്നത്. കുടിയേറ്റ വിഷയത്തിൽ നെതന്യാഹുവിനെക്കാൾ കടുപ്പക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിയ പ്രധാനമന്ത്രി ബെനറ്റ് അനുമതി നൽകിയതോടെ ഫലസ്തീനികൾക്കെതിരെ അതിക്രമം വ്യാപിപ്പിക്കാൻ മാർച്ച് വഴിയൊരുക്കുമെന്നാണ് ആശങ്ക.
നെതന്യാഹുവിന് അധികാരം നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് നൂറുകണക്കിന് ഫലസ്തീനികളെ കുരുതിക്കിരയാക്കിയ ആക്രമണം അവസാനിപ്പിച്ച് ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നത് ആഴ്ചകൾക്ക് മുമ്പാണ്. വീണ്ടുമൊരു സംഘർഷം സർക്കാറിന്‍റെ ഭാവിയും അപകടത്തിലാക്കും. ബെനറ്റ് സർക്കാറിൽ അറബ് കക്ഷിയായ 'റാം' കൂടി ഭാഗമാണ്.
മാർച്ചിനെതിരെ ഫലസ്തീനികൾ 'രോഷത്തിന്‍റെ ദിനം' ആചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീനികൾക്കെതിരായ പ്രകോപനവും ജറൂസലമിനും മറ്റു പുണ്യ കേന്ദ്രങ്ങൾക്കുമെതിരായ അതിക്രമവുമാണ് പ്രകോപനമെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷാതിയ്യ പറഞ്ഞു.
തിങ്കളാഴ്ച ഇസ്രായേൽ പൊലീസ് മേധാവി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ചക്കു ശേഷമാണ് ബെനറ്റ് മാർച്ചിന് അനുമതി നൽകിയത്. മാർച്ചിനിടെ മുസ്ലിം പ്രദേശത്ത് പ്രവേശനം അനുവദിക്കുമോ എന്ന് വ്യക്തമല്ല. മേയ് 10ന് പദ്ധതിയിട്ട മാർച്ചാണ് നീട്ടിവെച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.