അക്കാദമിക് പണ്ഡിതർക്ക് ഭീഷണി; യു.എസിൽ ഹിന്ദുത്വ ഗൂപ്പുകൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം
text_fieldsയു.എസിൽ പ്രവർത്തിക്കുന്ന ഹിന്ദുത്വ വിദ്വേഷ ഗ്രൂപ്പുകൾക്കെതിരെ എഫ്.ബി.ഐ, സി.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം. ന്യൂജേഴ്സിയിലെ ടീനെക്ക് ഡെമോക്രാറ്റിക് മുനിസിപ്പൽ കമ്മിറ്റിയാണ് (ടി.ഡി.എം.സി) കഴിഞ്ഞ 12ന് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസ്സാക്കിയത്.
കഴിഞ്ഞവർഷം വിവിധ സർവകലാശാലകളുടെ നേതൃത്വത്തിൽ 'ഡിസ്മാന്‍റ്ലിങ് ഹിന്ദുത്വ' എന്ന പരിപാടി സംഘടിപ്പിച്ചതിനു പിന്നാലെയാണ് വിവിധ ഹിന്ദുത്വ വിദ്വേഷ ഗ്രൂപ്പുകളിൽനിന്ന് അക്കാദമിക് പണ്ഡിതർക്കെതിരെ ഇ-മെയിൽ വഴി ഭീഷണിയുണ്ടായത്. എല്ലാ ആളുകൾക്കും അവരുടെ വംശം, വംശീയ ലിംഗഭേദം, മതവിശ്വാസം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ ഭയമില്ലാതെ ജീവിക്കാൻ കഴിയണമെന്ന് പ്രമേയത്തിൽ പറയുന്നു.
വിശ്വ ഹിന്ദു പരിഷത് അമേരിക്ക, ഏകൽ വിദ്യാലയ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള തീവ്ര വലതു ഗ്രൂപ്പുകൾ അമേരിക്കയിലൂടനീളം പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്ക് നികുതിയിളവ് അനുകൂല്യം ലഭിക്കുന്നുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം സംഘടനകൾക്ക് നേരിട്ടും അല്ലാതെയും ഇന്ത്യയിലെ ആർ.എസ്.എസുമായി ബന്ധമുണ്ടെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
ന്യൂജേഴ്സിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിനു പിന്നാലെയാണ് പ്രമേയം പാസ്സാക്കിയത്. പരേഡിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഫോട്ട പതിച്ച ബുൾഡോസറുകളും അണിനിരന്നു. മുസ്ലിം ഉടമസ്ഥതയിലുള്ള വസ്തുക്കൾ തകർക്കുന്ന നടപടി ഇന്ത്യൻ സർക്കാർ നിർത്തിവെക്കണമെന്ന് ആംനെസ്റ്റി ഇന്‍റർനാഷനൽ ആവശ്യപ്പെട്ട വിവരവും ഡെമോക്രാറ്റ്സ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.