പുതിയ ഭൂ അതിർത്തി നിയമം നിലവിലെ അതിർത്തി കരാറിനെ ബാധിക്കില്ല –ചൈന
text_fieldsബെയ്ജിങ്: അതിർത്തി സംരക്ഷണത്തിനായി പുതുതായി പാസാക്കിയ ഭൂ അതിർത്തി നിയമം നിലവിലെ അതിർത്തി കരാറുകളെ ബാധിക്കില്ലെന്നും ഇതെ കുറിച്ച് മറ്റ് രാജ്യങ്ങൾക്ക് ആശങ്ക വേണ്ടെന്നും ചൈന. ഇന്ത്യയുടെ ആശങ്കകൾക്കാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിെൻറ മറുപടി.
ഈ മാസം 23നാണ് നാഷനൽ പീപ്ൾസ് കോൺഗ്രസ് പുതിയ ഭൂ അതിർത്തി നിയമം പാസാക്കിയത്. കിഴക്കൻ ലഡാക്കിലെ അതിർത്തി സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. നിയമത്തിൽ ഇന്ത്യ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഏകപക്ഷീയമായി ചൈന കൊണ്ടുവന്ന നിയമം നിലവിലുള്ള അതിർത്തി കരാറുകളെ ബാധിക്കുമെന്നായിരുന്നു ഇന്ത്യയുടെ ആശങ്ക.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കുന്നതാണ് നിയമമെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. ലഡാക്കിൽ ശക്തമായ സൈനിക നീക്കം നടത്തുന്ന ചൈന, തിബത്തിലെ ജനങ്ങളിൽനിന്ന് നിർബന്ധമായി ഭൂമി എഴുതിവാങ്ങുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
അതിർത്തി വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുമില്ല. ഇന്ത്യയുൾപ്പെടെ14 രാജ്യങ്ങളുമായി ചൈന 22,000 കി.മി അതിർത്തി പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.