നവാസ് ശരീഫിന്റെ പാസ്പോർട്ട് പുതുക്കാൻ നടപടി; തിരിച്ചുവരവെന്നു സൂചന
text_fieldsഇസ്‍ലാമാബാദ്: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും മുൻ ധനമന്ത്രി ഇഷാഖ് ദാറിന്റെയും പാസ്‌പോർട്ടുകൾ പുതുക്കാൻ പാകിസ്താനിലെ പുതിയ സർക്കാർ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി. ഇംറാൻ ഖാൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്താവുകയും നവാസ് ശരീഫിന്റെ പാർട്ടിയായ മുസ്‍ലിം ലീഗ് അധികാരത്തിൽ തിരിച്ചെത്തുകയും നവാസിന്റെ ഇളയ സഹോദരൻ ശഹ്ബാസ് പാക് പ്രധാനമന്ത്രിയാവുകയും ചെയ്ത ശേഷമുണ്ടായ സുപ്രധാന നീക്കമാണിത്.
ലണ്ടനിൽ കഴിയുന്ന നവാസ് ശരീഫിനും ഇഷാഖ് ദാറിനും പാസ്‌പോർട്ട് പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കാൻ ലണ്ടനിലെ പാക് ഹൈകമീഷണർക്ക് നിർദേശം നൽകിയതായി ജിയോ ടി.വി റിപ്പോർട്ട് ചെയ്യുന്നു. പാനമാ പേപ്പേഴ്സ് അഴിമതിക്കേസിൽ ഉൾപ്പെട്ട നവാസ് ശരീഫിനെ 2017 ജൂലൈയിൽ സുപ്രീം കോടതി അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് അധികാരത്തിൽ എത്തിയ ഇംറാൻ ഖാൻ സർക്കാർ നവാസ് ശരീഫിനെതിരെ നിരവധി അഴിമതി കേസുകളിൽ അന്വേഷണവും ആരംഭിച്ചിരുന്നു.
2019ൽ ലാഹോർ ഹൈകോടതിയുടെ പ്രത്യേക അനുമതിയോടെ ലണ്ടനിൽ ചികിത്സക്കായി പോയ ശരീഫ് നാലാഴ്ച കഴിഞ്ഞോ അസുഖം ഭേദമായതായി ഡോക്ടർമാർ പ്രഖ്യാപിച്ച ശേഷമോ മടങ്ങിവരണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, അദ്ദേഹം തിരികെ വന്നില്ല. തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞ പാസ്പോർട്ട് പുതുക്കി നൽകാൻ ഇംറാൻ സർക്കാർ തയാറായില്ല. കഴിഞ്ഞ വർഷം നവാസ് നാട്ടിലേക്ക് മടങ്ങിവരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അസുഖം പൂർണമായി ഭേദമായിട്ടെ മടങ്ങൂ എന്നായിരുന്നു പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.
മാറിമറിഞ്ഞ പാക് രാഷ്ട്രീയ സാഹചര്യത്തിൽ നവാസിന്റെ മടങ്ങിവരവിന്റെ സൂചനയാണ് പാസ്പോർട്ട് പുതുക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. ഈദുൽ ഫിത്റിനു ശേഷം നവാസ് നാട്ടിൽ മടങ്ങിയെത്തുമെന്ന് മുസ്‍ലിം ലീഗ് പാർലമെന്റംഗം ജാവേദ് ലത്തീഫ് തിങ്കളാഴ്ച പറഞ്ഞിരുന്നെങ്കിലും ഡോക്ടർമാർ അനുവദിക്കുന്നതുവരെ തിരിച്ചുവരവുണ്ടാകില്ലെന്ന് പാർട്ടി വക്താവ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.