ആഫ്രിക്കയിൽ വീണ്ടും പോളിയോ പടരുന്നു; ഭീഷണിയാകുന്നത് പരിണാമം സംഭവിച്ച വൈറസുകൾ
text_fieldsഖർത്തൂം: പോളിയോ മുക്തമെന്ന് പ്രഖ്യാപിച്ച ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സുഡാനിൽ വീണ്ടും പോളിയോ പടർന്നുപിടിക്കുന്നു. പോളിയോ വൈറസുകളെ പ്രതിരോധിക്കാൻ വാക്സിനായി നൽകുന്ന വൈറസുകൾക്ക് പരിണാമം സംഭവിച്ച് പുതിയ തരം വൈറസുകളായി മാറുന്നതാണ് ഇത്തവണ ഭീഷണി ഉയർത്തുന്നത്. ആഫ്രിക്കൻ രാജ്യമായ ചാഡിൽ കഴിഞ്ഞവർഷം ഇത്തരത്തിൽ പരിണാമം സംഭവിച്ച വൈറസുകൾ ഭീഷണി വിതച്ചിരുന്നു.
സുഡാനിലെ രണ്ടു പ്രവിശ്യകളിലാണ് പുതുതായി പോളിയോ സ്ഥിരീകരിച്ചത്. തെക്കൻ ഡാർഭറിലും ജെദാരിഫിലുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മാർച്ചിലും ഏപ്രിലും രോഗം സ്ഥിരീകരിച്ച രണ്ടു കുഞ്ഞുങ്ങളും തളർന്നുവീഴുകയായിരുന്നു. രണ്ടുപേരിലും പോളിയോ കുത്തിവെപ്പ് നടത്തിയിരുന്നു. തുടർന്നാണ് വാക്സിനായി നൽകുന്ന അണുക്കൾക്ക് പരിണാമം സംഭവിച്ച് പുതിയതരം വൈറസുകളായി രൂപാന്തരം പ്രാപിച്ചതാണ് രോഗത്തിന് കാരണമെന്ന നിഗമനത്തിലെത്തിയത്. കഴിഞ്ഞവർഷം ചാഡിൽ ഇത്തരത്തിൽ പുതിയ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അവ കാമറൂണിലേക്ക് വ്യാപിക്കുകയും ചെയ്തു.
ഇത്തരത്തിൽ പുതിയ പോളിയോ വൈറസുകൾ രോഗം പടർത്തിയ നിരവധി കേസുകൾ രാജ്യത്തുണ്ടെന്നാണ് നിഗമനം. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകൾ നിരവധിയാണെന്നും പറയുന്നു.
വലിയ തോതിൽ പടർന്നുപിടിക്കുന്ന പോളിയോ ശ്വസന പേശികളെ ബാധിച്ചാൽ മരണം വരെ സംഭവിക്കാം. മലിന ജലത്തിലൂടെ പടരുന്ന വൈറസ് ബാധിച്ചാൽ ചികിത്സയില്ല. പ്രതിരോധ വാക്സിൻ മാത്രമാണ് പോളിയോക്ക് പ്രതിവിധി. അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളെയാണ് പോളിയോ പ്രധാനമായും ബാധിക്കുക.
കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന ആഫ്രിക്കൻ ഭൂഖണ്ഡത്തെ പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നു. 90 ശതമാനം കുട്ടികളിലും നടത്തിയ പ്രതിരോധ കുത്തിവെപ്പ് വഴിയാണ് പോളിയോയെ പിടിച്ചുകെട്ടാനായത്. അംഗോള, കോംഗോ, നൈജീരിയ, സാംബിയ തുടങ്ങിയ 12ഒാളം ആഫ്രിക്കൻ രാജ്യങ്ങൾ പതിറ്റാണ്ടുകളായി പോളിയോ രോഗത്തിെൻറ പിടിയിലായിരുന്നു. വലിയ രീതിയിൽ സംഘടിപ്പിച്ച പ്രതിരോധ കുത്തിവെപ്പ് കാമ്പയിനിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയുമാണ് ആഫ്രിക്ക പോളിയോയെ പിടിച്ചുകെട്ടിയത്. നിലവിൽ പാകിസ്താനും അഫ്ഗാനിസ്ഥാനുമാണ് പോളിയോ നിർമാർജ്ജനം ചെയ്യാത്ത രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.