ഒന്നാം വയസ്സിൽ 'കുറുമ്പ് കൂടി' കൊറോണ; 'അടക്കി നിർത്താമെന്ന' പ്രതീക്ഷയിൽ വിദഗ്ധർ
text_fieldsലോകത്തിേലക്ക് വന്ന് ഒരു വർഷം പിന്നിടുേമ്പാൾ 'പുതിയ ഭീകരമുഖം' കൈവരിച്ചിരിക്കുകയാണ് കൊറോണ വൈറസ്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിനെ കുറിച്ചുള്ള റിപ്പോർട്ടുകളെ ലോകം ആശങ്കയോടെയാണ് നോക്കി കാണുന്നത്. എല്ലാം സുരക്ഷിതമായെന്ന് കരുതി ആശ്വാസത്തിലിരിക്കുമ്പോഴാണ് ഈ 'ഒരു വയസ്സുകാരൻ' ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. ബ്രിട്ടനിലും ഇറ്റലിയിലുമാണ് കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നതെങ്കിലും അതിവേഗം വ്യാപിക്കുമെന്ന ഭീതി എല്ലാ രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചിട്ടുണ്ട്.
കൊറോണ വൈറസിനെതിരായ വാക്സിനേഷൻ പരീക്ഷണങ്ങളും വാക്സിൻ ഗവേഷണങ്ങളും പലയിടത്തും അവസാനഘട്ടത്തിലാണ്. എല്ലാം വിജയകരമായ ഫലങ്ങൾ കാണിക്കുന്ന സാഹചര്യത്തിലാണ് കൊറോണ വൈറസിന്‍റെ പുതിയ മുഖം ഭീഷണിയുയർത്തുന്നത്. ഇത് നിലവിൽ കണ്ടെത്തിയ വാക്സിനുകള്‍ക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്കയാണ് ലോകരാജ്യങ്ങൾക്ക്. എന്നാൽ, വാക്സിനു വെല്ലുവിളിയാകുന്ന തലത്തിലേക്ക് വൈറസ് പരിവർത്തനം ചെയ്യാൻ വർഷത്തിലധികം എടുക്കുമെന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധർ.
ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനെ കീഴടക്കാൻ കഴിയുന്ന ഒരു തലത്തിലേക്ക് വൈറസ് പരിവർത്തനം ചെയ്യപ്പെടില്ലെന്നാണ് ബ്രിട്ടിഷ് സർക്കാറിന്‍റെ ശാസ്ത്രീയ ഉപദേശകനും സ്കോട്ട്ലൻഡിലെ സെന്‍റ് ആൻഡ്രൂസ് സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനുമായ മുഗെ സെവിക് അഭിപ്രായപ്പെടുന്നത്. മരണനിരക്ക് ഉയർത്തുന്നതിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് യു.കെയിലെ ആരോഗ്യ വിദഗ്ധരും വ്യക്തമാക്കുന്നു.
അതേസമയം, പുതിയ വൈറസിന് പഴയ വൈറസിനെക്കാൾ 70% അധികം വ്യാപനശേഷിയുണ്ടെന്നതും ജനിതകമാറ്റം വന്ന ൈവറസുകൾക്ക് കോശങ്ങളെ ബാധിക്കാനുള്ള ശേഷി വർധിക്കുന്നതുമാണ് ആശങ്കയുയർത്തുന്നത്. ഒരു വൈറസിന്‍റെ ജനിതക ശ്രേണിയിലെ മാറ്റം ഒരു നിശ്ചിത കാലയളവിൽ സംഭവിക്കുന്നതാണ്. കോവിഡ് വാക്സിനുകളുടെ ആദ്യഘട്ട വിതരണം ഫലപ്രദമായി വിന്യസിച്ചാൽ വികസിത രാജ്യങ്ങൾക്ക് ഏറെ വൈകാതെ മഹാമാരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് തന്നെയാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. അതേസമയം, കുറച്ച് നാളത്തേക്ക് അണുബാധ നിരക്ക് ഉയർന്ന തോതിൽ തുടരാൻ സാധ്യതയുമുണ്ടെന്നാണ് അവരുടെ നിരീക്ഷണം.
അമേരിക്ക, ബ്രിട്ടൻ, ചൈന, റഷ്യ എന്നിവിടങ്ങളിൽ 11 ലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടിലുള്ളത്. യൂറോപ്യൻ യൂനിയൻ ഈ ആഴ്ച തന്നെ വാക്സിന്‍റെ ആദ്യ ഷോട്ട് അംഗീകരിച്ചേക്കും. വർഷാവസാനത്തോടെ മൂന്ന് വാക്സിനുകൾ മിക്ക രാജ്യങ്ങളിലും ലഭ്യമാകുമെന്നതിനാൽ, 2021ന്‍റെ ആദ്യ പകുതിയോടെ കോവിഡിനെ പിടിച്ചുനിർത്താൻ കഴിയുമെന്ന പ്രതീക്ഷ വിദഗ്ധർ കൈവിട്ടിട്ടില്ലെന്ന് യു.എസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് സാംക്രമിക രോഗങ്ങളുടെ ഡയറക്ടർ ആന്‍റണി ഫൗചി വ്യക്തമാക്കുന്നു.
പരമ്പരാഗത വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ വാക്‌സിനുകൾ നിർമിക്കുന്നതെന്ന് യു.എസിലെ ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനായ ട്രെവർ ബെഡ്ഫോർഡ് പറഞ്ഞു. പുതിയ വാക്സിനുകൾക്ക് വൈറസിനെതിരെ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാൻ കഴിയും. അതുകൊണ്ട് തന്നെ വാക്സിനുകളെ കീഴടക്കാൻ വൈറസിന്‍റെ വർഷങ്ങളോളം നീണ്ട പരിവർത്തനം വേണ്ടിവരും.
എന്നാൽ, വകഭേദം സംഭവിച്ച വൈറസിന് വീണ്ടും ജനിതകമാറ്റമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്കയും വിദഗ്ധർക്കുണ്ട്. ഇപ്പോഴുള്ള വാക്സിനെ നിഷ്ഫലമാക്കുന്ന രീതിയിലാണ് മാറ്റമെങ്കിൽ വാക്സിൻ എടുത്ത ശേഷവും വ്യാപനം തുടരാം. ഈ മാറ്റം അനുസരിച്ചുള്ള മാറ്റങ്ങളും അപ്ഡേഷനും സാധിക്കുന്നവയാണ് നിലവിലെ വാക്സിനുകളെന്നത് പ്രതീക്ഷ നൽകുന്നുണ്ടെന്ന് യൂനിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ പ്രഫ. ഡേവിഡ് റോബർട്സൻ ചൂണ്ടിക്കാട്ടുന്നു.
വൈറസിന്‍റെ പുതിയ വകഭേദം പഴതിനേക്കാൾ മാരകമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും പുതിയ വെല്ലുവിളി നിയന്ത്രണാതീതമാണെന്നുമാണ് ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നത്. ലോകത്തിന്‍റെ പല ഭാഗത്തും കൊറോണ വൈറസിന് ഇതിനകം പലവട്ടം ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനിൽ ആദ്യം കണ്ടെത്തിയ വൈറസല്ല ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും കണ്ടെത്തിയത്. ഫെബ്രുവരിയിൽ യൂറോപ്പിൽ ഉണ്ടായ ഡി614ജി എന്ന വകഭേദമാണ് ലോകത്ത് കൂടുതൽ പേരെയും ബാധിച്ചത്. സ്പെയിനിൽ കണ്ടെത്തിയ എ222വി എന്ന വകഭേദമാണ് പിന്നീട് യൂറോപ്പ് മുഴുവനും വ്യാപിച്ചത്. എച്ച് 69/വി70 എന്ന വകഭേദത്തിനാകട്ടെ, ആദ്യ വൈറസിനെക്കാൾ രണ്ടുമടങ്ങ് ശേഷിയുണ്ടായി. പഴയ വൈറസ് മൂലം കോവിഡ് ബാധിച്ച് മുക്തരായവരിലെ ആന്‍റിബോഡിക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കുമോയെന്നത് വ്യക്തമല്ലാത്തതാണ് ഗവേഷകരെ ആശങ്കയിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.