ഏറ്റവും ചെലവേറിയ നഗരങ്ങളായി ന്യൂയോർക്കും സിംഗപ്പൂരും
text_fieldsലണ്ടൻ: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി ന്യൂയോർക്കും സിംഗപ്പൂരും. വാർഷിക ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റി (ഇ.ഐ.യു)ന്റെ ആഗോള ജീവിതച്ചെലവ് സർവേപ്രകാരമാണ് ഇവ ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയത്. ലോകത്തെ 173 നഗരങ്ങളിലാണ് സർവേ നടത്തിയത്. 90 രാജ്യങ്ങളിലെ 200ലധികം ഉൽപന്നങ്ങളും സേവനങ്ങളും അടിസ്ഥാനമാക്കി 400ലധികം വിലകളാണ് താരതമ്യം ചെയ്തത്.
ഇതാദ്യമായാണ് ന്യൂയോർക് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ വർഷത്തെ ഒന്നാം സ്ഥാനക്കാരായ തെൽഅവീവ് (ഇസ്രായേൽ) ഇപ്പോൾ മൂന്നാം സ്ഥാനത്തായി. ഹോങ്കോങ്, ലോസ് ആഞ്ജലസ് എന്നിവയാണ് നാലാമത്. സൂറിക് (സ്വിറ്റ്സർലൻഡ്-6), ജനീവ (സ്വിറ്റ്സർലൻഡ്-7), സാൻഫ്രാൻസിസ്കോ (യു.എസ് -8), പാരിസ് (ഫ്രാൻസ്-9), കോപൻഹേഗൻ (ഡെന്മാർക്-10), സിഡ്നി (ആസ്ട്രേലിയ-10) എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ഡമസ്കസ് (സിറിയ), ട്രിപോളി (ലിബിയ) എന്നിവയാണ് ഏറ്റവും ചെലവുകുറഞ്ഞ നഗരങ്ങൾ.
യുക്രെയ്ൻ യുദ്ധവും കോവിഡിന്റെ ആഘാതവും കാരണം നഗരങ്ങളിലെ ശരാശരി ജീവിതച്ചെലവ് ഈ വർഷം 8.1 ശതമാനം ഉയർന്നതായി സർവേ പറയുന്നു. യു.എസിലെ ഉയർന്ന പണപ്പെരുപ്പമാണ് ന്യൂയോർക് പട്ടികയിൽ ഒന്നാമതെത്താനുള്ള ഒരു കാരണം.
ഡോളർ ശക്തിപ്പെടുന്നതും കാരണമായി. ഈ വർഷം ആദ്യം, യു.എസിലെ പണപ്പെരുപ്പം 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഈ വർഷത്തെ സർവേയിൽ യുക്രെയ്ൻ തലസ്ഥാനമായ കിയവിനെ ഉൾപ്പെടുത്തിയിട്ടില്ല. യുക്രെയ്ൻ യുദ്ധം, റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധം, ചൈനയുടെ സീറോ കോവിഡ് നയങ്ങൾ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമെന്ന് സർവേക്കു നേതൃത്വം നൽകിയ ഉപാസന ദത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.