ന്യൂസിലാൻഡ് പള്ളിയിലെ കൂട്ടക്കൊല; കുറ്റവാളിക്ക് ശിക്ഷ വിധിച്ചു
text_fieldsവെല്ലിങ്ടൺ: ന്യൂസിലാൻഡിലെ മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനക്കിടെ 51 പേരെ വെടിവെച്ചുകൊലപ്പെടുത്തിയ കുറ്റവാളി ബ്രന്‍റൺ ടാറന്‍റിന് ശിക്ഷ വിധിച്ചു. പരോൾ ഇല്ലാതെ ആജീവനാന്തം തടവാണ് കുറ്റവാളിക്ക് വിധിച്ചത്. മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് പ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
വെറുപ്പിന്‍റെ പ്രത്യയശാസ്ത്രമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ശിക്ഷ വിധിച്ച ജഡ്ജ് കാമറൺ മാൻഡെർ പറഞ്ഞു. ഇത്തരം അക്രമങ്ങളെ നിഷേധിക്കുന്ന തരത്തിൽ കോടതിക്ക് നടപടിയെടുക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു. ന്യൂസിലാൻഡ് നിയമചരിത്രത്തിലെ അത്യപൂർവമായ വിധിയാണിത്.
കൊലപാതകത്തിലൂടെ ന്യൂസിലാൻഡിൽ വലതുപക്ഷ തീവ്രവാദം വളർത്താമെന്ന പ്രതിയുടെ ലക്ഷ്യം പരാജയപ്പെട്ടു. പക്ഷേ, ന്യൂസിലാൻഡിലെ മുസ്ലിം സമൂഹത്തിന് വലിയ വില നൽകേണ്ടിവന്നു -ജഡ്ജ് പറഞ്ഞു.
2019 മാർച്ച് 15നാണ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തിയവർക്ക് നേരെ അക്രമി വെടിയുതിർത്തത്. 51 പേരാണ് കൊല്ലപ്പെട്ടത്. 29കാരനായ പ്രതി ബ്രന്‍റൺ ടാറന്‍റ് ആസ്ട്രേലിയക്കാരനാണ്. ഫേസ്ബുക് ലൈവിലൂടെ തത്സമയ ദൃശ്യങ്ങൾ കാണിച്ചായിരുന്നു ലോകത്തെ ഞെട്ടിച്ച കൊലപാതകം.
വെടിവെപ്പുനടന്ന പള്ളികള്‍ തമ്മില്‍ ആറു കിലോമീറ്റര്‍ മാത്രമാണ് ദൂരം. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 1.40ഓടെയാണ് വെടിവെപ്പുണ്ടായത്. യന്ത്രത്തോക്കുപയോഗിച്ച് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഇവിടെ നാനൂറോളംപേര്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് ലിന്‍വുഡിലെ ഇസ്ലാമിക് സെന്‍ററിലും വെടിവെപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.