കാർ ഡിക്കിയിൽ കെ.എഫ്.സി 'കള്ളക്കടത്ത്'; രണ്ട് യുവാക്കൾ പിടിയിൽ
text_fieldsഓക്ലൻഡ്: ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്‍റക്കി ഫ്രൈഡ് ചിക്കന് ലോകത്തെമ്പാടും ആരാധകരുണ്ട്. അവരുടെ ട്രേഡ്മാർക്ക് ഫ്രൈഡ് ചിക്കനോ ചിക്കൻ വിങ്സോ കഴിക്കാനായി ഭക്ഷണപ്രേമികൾ ഏത്ര ദൂരം വരെയും സഞ്ചരിക്കും. എന്നാൽ ലോക്ഡൗണിനിടെ ഇഷ്ടഭക്ഷണം കഴിക്കാൻ കള്ളക്കടത്ത് നടത്തേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാ?. എന്നാൽ അങ്ങനെ സംഭവിച്ചു.
ലോക്ഡൗൺ മൂലം റസ്റ്ററന്‍റുകൾ അടച്ചുപുട്ടിയ ഓക്ലൻഡിലേക്ക് കാറിന്‍റെ ഡിക്കിയിൽ നിറയെ കെ.എഫ്.സി വിഭവങ്ങൾ പാഴ്സലാക്കി കടത്താൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിലായി.
കോവിഡിനെ തുടർന്ന് ലെവൽ 4 ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഓക്ലൻഡിൽ ഭക്ഷണം പാഴ്സലായി പോലും നൽകുന്നില്ല. കോവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ പൊരുതുന്ന സാഹചര്യത്തിൽ ഓക്ലൻഡ് നിവാസികൾ വീട്ടിലിരിക്കണമെന്നാണ് അധികാരികൾ കർശനമായി നിർദേശിച്ചിരിക്കുന്നത.്
അവശ്യസേവനങ്ങൾ മാത്രമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റിടങ്ങളിൽ ലെവൽ രണ്ട് ലോക്ഡൗണാണ്. അവിടങ്ങളിൽ റെസ്റ്ററന്‍റ്, കഫേ, ബാർ, നൈറ്റ്ക്ലബുകൾ എന്നിവ തുറക്കാം. ഓക്ലൻഡിന്റെ പ്രാന്തപ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്.
പൊലീസിനെ കണ്ടയുടൻ കാർ യു-ടേൺ എടുത്ത് വേഗത്തിൽ ഓടിച്ചുപോയി. കാർ പിന്തുടർന്ന് പിടിച്ച പൊലീസ് ഡിക്കി നിറയെ പാഴ്സലായി വാങ്ങിയ കെ.എഫ്.സി പാക്കറ്റുകൾ കണ്ടെത്തി. മൂന്ന് ബക്കറ്റ് ചിക്കൻ, 10 കപ്പ് കോർസ്ലോ, വലിയ പാക്കറ്റിൽ ഫ്രൈസ്, നാല് വലിയ ബാഗുകളിൽ കെ.എഫ്.സിയുടെ മറ്റ് വിഭവങ്ങൾ എന്നിവയാണ് കാറിന്‍റെ ഡിക്കിയിൽ നിന്ന് പിടികൂടിയത്. ഇവരുടെ കൈവശം 70000 ഡോളറും ഉണ്ടായിരുന്നു.
23, 30 വയസ് പ്രായമായ യുവാക്കളാണ് ഹാമിൽട്ടണിൽ നിന്ന് ഓക്ലൻഡിലേക്ക് കെ.എഫ്.സി കള്ളക്കടത്ത് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കോവിഡ് നിയമം ലംഘിച്ച യുവാക്കൾക്ക് ആറ് മാസം തടവോ അല്ലെങ്കിൽ 2,800 ഡോളർ പിഴയോ ലഭിച്ചേക്കും. ചൊവ്വാഴ്ച ഓക്ലൻഡ് ലെവൽ മൂന്നിലേക്ക് മാറും. ഈ ഘട്ടത്തിൽ സൂളിലേക്കോ ജോലിക്കോ പോകാനുള്ള യാത്രകൾ അനുവാദമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.