ന്യൂസിലാന്റ് പുകവലിക്കാത്തവരുടെ രാജ്യമാകും; വേറിട്ട ഈ നിയമം ലോകത്ത് ആദ്യം
text_fields2008 ന് ശേഷം ജനിച്ചവർക്ക് ജീവിതത്തിലൊരിക്കലും സിഗരറ്റ് വാങ്ങാനാകാത്ത വിധം കർശന നിയന്ത്രണങ്ങളുള്ള നിയമത്തിന് ന്യൂസീലൻഡ് പാർലമെന്റ് അംഗീകാരം നൽകി. സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വർഷവും കൂട്ടി, ആ ശീലം തുടങ്ങാൻ യുവാക്കൾക്ക് അവസരം കൊടുക്കാത്ത ലോകത്തെ ആദ്യത്തെ പുകവലി നിയന്ത്രണ നിയമമാണു പാസ്സായത്. പുക വലിക്കാത്ത ഒരു തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നിയമമാണ് പാസാക്കിയത്.
കടയിൽനിന്ന് സിഗരറ്റ് വാങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം നിലവിൽ 18 വയസ്സാണ്. അടുത്ത വർഷം മുതൽ ഈ പ്രായപരിധി കൂടിക്കൊണ്ടിരിക്കും. പുകയില ഉൽപന്നങ്ങളിലെ അനുവദനീയ നിക്കോട്ടിൻ അളവ് കുറയ്ക്കുക, എല്ലാ കടകളിലും ലഭ്യമാകുന്ന സാഹചര്യം ഇല്ലാതാക്കി പ്രത്യേക വിൽപന കേന്ദ്രങ്ങൾ കർശനമാക്കുക, വില കൂട്ടുക എന്നിങ്ങനെ നടപടികളും ഒപ്പമുണ്ടാകും. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ആറായിരത്തോളം കടകൾ 600 ആക്കി ചുരുക്കാനുള്ള പദ്ധതിയുമുണ്ട്.
നിലവിൽ ന്യൂസിലാന്റിലെ പുകവലി നിരക്ക് വളരെ താഴെയാണുള്ളത്. മുതിർന്നവരിൽ എട്ടു ശതമാനത്തിന് മാത്രമാണ് പുകവലി ശീലമുള്ളത്. കഴിഞ്ഞ വർഷം ഇത് 9.4 ശതമാനമായിരുന്നു. പുതിയ നിയമം പാസായതിലൂടെ ഇത് അഞ്ച് ശതമാനത്തിനും താഴെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ആയിരക്കണക്കിന് ആളുകൾക്ക് കുടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും. പുകവലി അനുബന്ധ രോഗങ്ങൾക്കായി ചെലവഴിക്കേണ്ട 320 കോടി അമേരിക്കൻ ഡോളർ ആരോഗ്യ മേഖലയിൽ ലാഭിക്കാനാകും' -ആരോഗ്യ മന്ത്രി അയേഷ വെറാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.