വൈറസിന്‍റെ രണ്ടാംവരവ്; ന്യൂസിലാൻഡിൽ തെരഞ്ഞെടുപ്പ് നീട്ടി
text_fieldsവെല്ലിങ്ടൺ: കൊറോണ വൈറസിന്‍റെ രണ്ടാംവരവിനെ തുടർന്ന് ന്യൂസിലാൻഡിൽ തെരഞ്ഞെടുപ്പ് നീട്ടിവെച്ചതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ഒക്ടോബർ 17ലേക്കാണ് തെരഞ്ഞെടുപ്പ് നീട്ടിയത്. ലോകത്തെ ആദ്യ കോവിഡ് മുക്ത രാഷ്ട്രമായി പ്രഖ്യാപിച്ചതിന് പിന്നാലെ 102 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട ഭരണാധികാരിയെന്ന വിശേഷണം ജസീന്ത ആർഡന് തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോവിഡ് പോരാട്ടം ഉയർത്തിക്കാട്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ജസീന്തയുടെ ന്യൂസിലാൻഡ് ലേബർ പാർട്ടി തുടക്കം കുറിച്ചിരുന്നു. ഇതിനിടെയാണ് വൈറസ് തിരിച്ചുവരവ് നടത്തിയത്.
സെപ്റ്റംബറിലായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. വോട്ടിങ് നീട്ടിവെക്കാൻ പ്രതിപക്ഷവും സർക്കാറിന്‍റെ സഖ്യകക്ഷികളും ആവശ്യമുയർത്തിയിരുന്നു.
വൈറസിന്‍റെ തിരിച്ചുവരവ് ജനങ്ങളെ വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനിടയുണ്ടെന്നും അതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അഭിപ്രായ സർവേകളിൽ ജസീന്ത ഏറെ മുന്നിലാണ്.
102 ദിവസങ്ങൾക്ക് ശേഷം ഒരു കുടുംബത്തിലെ നാല് പേർക്കാണ് വീണ്ടും രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ആകെ 49 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ കർശന നിയന്ത്രണങ്ങൾ വീണ്ടും നടപ്പാക്കാൻ ഒരുങ്ങുകയാണ് ന്യൂസിലാൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.