2009നു ശേഷം ജനിച്ചവർക്ക് ഇനി പുകയില ഉൽപ്പന്നങ്ങൾ ലഭിക്കില്ല; നിയമം പാസാക്കി ന്യൂസിലൻഡ്
text_fieldsന്യൂസിലൻഡ്: പുകവലിക്കാത്ത ഒരു തലമുറയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു തലമുറയെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ന്യൂസിലൻഡ്. വരും തലമുറയെ പുകവലിയ മുക്തരാക്കാനുള്ള നിയമമാണ് ന്യൂസിലൻഡ് കൊണ്ടുവന്നത്. ഇത്തരമൊരു നിയമം പാസാക്കുന്ന ലോകത്തിലെ ആദ്യ രാജ്യവും ന്യൂസിലൻഡ് ആയിരിക്കും.
2025ഓടെ ന്യൂസിലൻഡിനെ പുകവലി വിമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. പുകയില വ്യവസായത്തിനെതിരായ വലിയ തിരിച്ചടിയാണ് ന്യൂസിലൻഡിന്റെ ചുവടുവെപ്പ്.
2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ഒരാൾക്കും പുകയില വിൽക്കരുതെന്ന നിയമമാണ് പാസാക്കിയത്. ഗാർഡിയൻ പത്രത്തിന്റെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് നിയമാനുസൃതമായി സിഗരറ്റ് വിൽക്കുന്ന കടകളുടെ എണ്ണം 6000ത്തിൽ നിന്ന് 600 ആയി കുറക്കാനാണ് തീരുമാനം. 2023 മുതലാണ് നിയമം പ്രാബല്യത്തിലാകുക. 2025 ഓടെ രാജ്യം പുകയില വിമുക്തമാകും.
ആയിരക്കണക്കിന് ആളുകൾക്ക് ദീർഘായുസ് നീട്ടിക്കൊടുക്കുന്ന തീരുമാനമാണിതെന്ന് അസോസിയേറ്റ് ആരോഗ്യ മന്ത്രി അയേഷ വെറാൽ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ കുടുതൽ കാലം ആരോഗ്യകരമായ ജീവിതം നയിക്കുമെന്നും അർബുദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങൾ ഇല്ലാതാകുന്നതോടെ ആരോഗ്യ സംവിധാനവും മെച്ചപ്പെടുമെന്നും അവർ വ്യക്തമാക്കി. ഉപയോഗിച്ച പുകയില ഉൽപ്പന്നങ്ങളുടെ നിക്കോട്ടിൻ ഉള്ളടക്കം കുറക്കുക, പുകയില വിൽക്കുന്ന ചില്ലറ വ്യാപാരികളുടെ എണ്ണം കുറക്കുക, 2009നു ശേഷം ജനിച്ചവർക്ക് പുകയില വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നീ മൂന്ന് പ്രധാന മാറ്റങ്ങളാണ് പുകവലി രഹിത പരിസ്ഥിതിയും നിയന്ത്രിത ഉൽപ്പന്നങ്ങളും എന്ന ഭേദഗതി ബില്ലിൽ ഉള്ളത്.
ന്യൂസിലൻഡിലെ പുകവലി നിരക്ക് താരതമ്യേന കുറവാണ്. പ്രായപൂർത്തിയായവരിൽ എട്ടു ശതമാനം പേർ മാത്രമാണ് പ്രതിദിനം പുകവലിക്കുന്നത്. ഒന്നര വർഷം മുമ്പ് ഇത് 9.4 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.