ജീവിതച്ചെലവ് കൂടുതൽ, തൊഴിലുമില്ല; ന്യൂസിലാൻഡിൽ നിന്നും യുവാക്കൾ പലായനം ചെയ്യുന്നു
text_fieldsവെല്ലിങ്ടൺ: ജീവിതച്ചെലവ് കൂടുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തതോടെ ന്യൂസിലാൻഡിൽ നിന്നും യുവാക്കൾ പലായനം ചെയ്യുന്നു. 2024ൽ ജൂൺ വരെയുള്ള കണക്ക് പ്രകാരം 1,31,200 പേരാണ് ന്യൂസിലാൻഡ് വിട്ടത്. പലായനത്തിന്റെ കണക്കിൽ റെക്കോഡാണിത്.
വെല്ലിങ്ടണിൽ താമസിക്കുന്ന ജെസീക്ക ചോങ് എന്ന യുവതി അൽ ജസീറയോട് നടത്തിയ പ്രതികരണം ന്യൂസിലാൻഡിലെ പലായനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഓക്ക്‍ലാൻഡിൽ താമസിക്കുന്ന ജെസീക്ക പിറന്നാൾ ആഘോഷത്തിനായി സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് അവരിൽ പലരും ഇപ്പോൾ രാജ്യത്തില്ലെന്ന് മനസിലാക്കിയത്. മെച്ചപ്പെട്ട അവസരം തേടി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അവരെല്ലാം രാജ്യം വിട്ടിരുന്നു. താനും അധികകാലം ന്യൂസിലാൻഡിൽ നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യു.കെയിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലാണെന്നുമാണ് ജെസീക്ക അൽ ജസീറയോട് പറഞ്ഞത്.
കോവിഡിന് മുമ്പ് പ്രതിവർഷം 80,000ത്തോളം പേരാണ് രാജ്യം വിട്ടിരുന്നതെങ്കിൽ ഇപ്പോൾ അത് ഇരട്ടിയായി ഉയർന്നിട്ടുണ്ട്. പലായനം ചെയ്യുന്നവരിൽ ഭൂരിപക്ഷവും 18നും 30നും ഇടക്ക് പ്രായമുള്ളവരാണ്. രാജ്യം വിടുന്നവരിൽ ഭൂരിപക്ഷവും വീണ്ടും ന്യൂസിലാൻഡിലേക്ക് തിരിച്ചു വരുന്നില്ലെന്നും കണക്കുകൾ പറയുന്നു.
ലോകത്തിലെ ജനസംഖ്യ കുറവുള്ള രാജ്യങ്ങളിലൊന്നാണ് ന്യൂസിലാൻഡ്. ഇവിടെയുള്ള ജനങ്ങൾ എപ്പോഴും ദീർഘകാലത്തേക്ക് വിദേശ രാജ്യങ്ങളിൽ താമസിക്കാനായി പോകാറുണ്ട്. യു.കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകൾ. ന്യൂസിലാൻഡിലെ ആകെ ജനസംഖ്യ 5.2 മില്യൺ ആണ്. ഇതിൽ ഒരു മില്യൺ ജനങ്ങളും പുറത്തായിരുന്നു ദീർഘകാലമായി താമസിച്ചിരുന്നത്.
എന്നാൽ, കോവിഡ് വന്നതോടെ ഏകദേശം 50,000 പേർ ന്യൂസിലാൻഡിൽ തിരിച്ചെത്തി. എന്നാൽ, കോവിഡിന് ശേഷം ന്യൂസിലാൻഡ് സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സമ്പദ്വ്യവസ്ഥയിൽ വളർച്ച കുറയുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തു. ഇതിനൊപ്പം പണപ്പെരുപ്പം കൂടി ഉയർന്നതോടെ വലിയ പ്രതിസന്ധിയാണ് ന്യൂസിലാൻഡ് അഭിമുഖീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.