നൈജീരിയയിലും ബ്രസീലിലും ഒമിക്രോൺ സ്ഥിരീകരിച്ചു
text_fieldsഅബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലും ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലും കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽനിന്ന് കഴിഞ്ഞയാഴ്ച രാജ്യത്ത് മടങ്ങിയെത്തിയ രണ്ടുപേരിലാണ് ഒമിക്രോൺ വൈറസ് കണ്ടെത്തിയതെന്ന് നൈജീരിയ രോഗനിയന്ത്രണ കേന്ദ്രം (എൻ.സി.ഡി.സി) അധികൃതർ അറിയിച്ചു.
മുൻകരുതലുകളുടെ ഭാഗമായി വിദേശയാത്രികർക്കുള്ള നിയന്ത്രണം കടുപ്പിച്ചു. ബ്രസീലിലും രണ്ടുപേരിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ മിഷനറി പ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോൺ വൈറസിന്‍റെ വ്യാപനശേഷിയെ കുറിച്ച് ശാസ്ത്ര ലോകത്തിന് ഇപ്പോഴും വ്യക്തതയില്ല.
ബ്രിട്ടനിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 22 ആയതോടെ ജനത്തോട് കോവിഡ് ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പെടുക്കാൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അഭ്യർഥിച്ചു. ഒമിക്രോൺ വൈറസ് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ബൂസ്റ്റർ വാക്സിനുകൾക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടൻ. ജനുവരി അവസാനത്തോടെ മുതിർന്നവർക്ക് പൂർണമായ കോവിഡ് ബൂസ്റ്റർ നൽകാനുള്ള തയാറെടുപ്പിലാണ് ബ്രിട്ടൻ.
അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഫ്രാൻസ് ഒരാഴ്ചകൂടി നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.