നൈജീരിയയിൽ മൂന്നു കോടിയിലേറെ പേർ പട്ടിണിയുടെ വക്കിൽ
text_fieldsലാഗോസ്: ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ നൈജീരിയ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഭക്ഷ്യദൗർലഭ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. 26 സംസ്ഥാനങ്ങളിലും ഫെഡറൽ തലസ്ഥാനത്തും നടത്തിയ വിശകലനത്തെ തുടർന്ന് അടുത്ത വർഷം ആഗസ്റ്റോടെ 33.1 ദശലക്ഷം ആളുകൾ പട്ടിണിയിലേക്ക് വീഴുമെന്ന് പറയുന്നു. നിരവധി ഘടകങ്ങൾ ഈ പ്രവണതയെ നയിക്കുന്നുണ്ടെന്നും ഏറ്റവും പ്രധാനമായത് ഉയർന്ന പണപ്പെരുപ്പവും ഭക്ഷ്യവിലയിലെ റെക്കോർഡ് വർധനയും ഉയർന്ന ഗതാഗതച്ചെലവുകളുമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രസിഡന്‍റ് ബോല ടിനുബു ചെലവു ചുരുക്കൽ പരിഷ്‌കാരങ്ങൾ ആരംഭിച്ചതിനുശേഷമാണ് രാജ്യം ഈ അവസ്ഥയിലെത്തിയത്. രാജ്യത്തെ കറൻസിയായ നൈറയുടെ മൂല്യം ഇടിഞ്ഞതും പതിറ്റാണ്ടുകൾ പഴക്കമുള്ള പെട്രോൾ സബ്‌സിഡി നിർത്തലാക്കിയും വിലക്കയറ്റത്തിന് ആക്കം കൂട്ടി.
ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ ശക്തിപ്പെടുത്താനുള്ള സാമ്പത്തിക തീരുമാനങ്ങൾ ഹ്രസ്വകാലത്തേക്ക് ആളുകളുടെ പോക്കറ്റുകൾക്കുനേരെയുള്ള നേരിട്ടുള്ള ആക്രമണമായി മാറുകയാണെന്നും ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ ശ്രമിക്കുന്നവരെ അത് കഠിനമായി ബാധിക്കുന്നുവെന്നും നൈജീരിയയിലെ വേൾഡ് ഫുഡ് പ്രോഗ്രാം വക്താവ് ചി ലേൽ പറഞ്ഞു. ഉയർന്ന ഭക്ഷ്യവിലയാണ് പണപ്പെരുപ്പത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. ഇത് ഓഗസ്റ്റിലെ 32.15ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 32.70ശതമാനം ആയി ഉയർന്നു.
രാജ്യത്തെ വടക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും അരക്ഷിതാവസ്ഥയും കാർഷികമേഖലയെ ബാധിച്ചു. പല കുടുംബങ്ങൾക്കും താങ്ങാനാവുന്നതിലും അപ്പുറമായി ഭക്ഷ്യവില. കഴിഞ്ഞ മാസത്തെ പ്രളയത്തിൽ ഏകദേശം 1.6 ദശലക്ഷം ഹെക്ടർ വിളകളാണ് നശിച്ചത്. ഒരു വർഷത്തേക്ക് 13 ദശലക്ഷത്തോളം ആളുകളുടെ ദൈനംദിന ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് മതിയാകും. ധാന്യവിളകളുടെ നഷ്ടം ഏകദേശം 100കോടി ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.