നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാരെ കോടതിയിൽ ഹാജരാക്കി
text_fieldsഓട്ടവ: കഴിഞ്ഞ വർഷം ഖാലിസ്താൻ വിഘടനവാദിയ ഹർദീപ് സിങ് നിജ്ജാറെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യക്കാർ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരായി. എഡ്മന്റണിൽ താമസിക്കുന്ന കരൺ ബ്രാർ, കമൽപ്രീത് സിങ്, കരൺപ്രീത് സിങ് എന്നിവരെ വെള്ളിയാഴ്ചയാണ് കൊലക്കുറ്റവും വധഗൂഢാലോചനയും ചുമത്തി അറസ്റ്റ് ചെയ്തത്.
ബ്രിട്ടീഷ് കൊളംബിയയിലെ സർറി കോടതിയിൽ മൂവരും വെവ്വേറെയാണ് ഹാജരായത്. അഭിഭാഷകരുമായി സംസാരിക്കാൻ അവസരം നൽകി കേസ് മേയ് 21ലേക്ക് നീട്ടി. ജയിലിൽനിന്ന് അനുവദിച്ച ചുവന്ന ടി-ഷർട്ടുകളണിഞ്ഞ് എത്തിയ മൂന്നു പേർക്കു മുന്നിലും അവർക്കുമേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ഇംഗ്ലീഷിൽ വായിച്ചുകേൾപ്പിച്ചു. നിജ്ജാറുടെ ബന്ധുക്കളടക്കം ഏഴുപേരുമായി ബന്ധപ്പെടുന്നതിന് ഇവർക്ക് വിലക്കും ഏർപ്പെടുത്തി. വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുമ്പോൾ പുറത്ത് 100ഓളം പേർ ഖാലിസ്താൻ പതാകകളുമായി എത്തിയിരുന്നു.
2023 ജൂൺ 18നാണ് സർറിയിലെ ഗുരുദ്വാരക്ക് പുറത്ത് കാനഡ പൗരനായ നിജ്ജാർ വെടിയേറ്റു മരിച്ചത്. സംഭവം ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസവും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. അഞ്ചു വർഷത്തിനിടെ രാജ്യത്തെത്തിയവരാണ് പ്രതികളെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.