ഒമ്പത് റഷ്യൻ സൈനികരെ യുക്രെയ്ൻ വിട്ടയച്ചു
text_fieldsകിയവ്: തടവിലാക്കിയ ഒമ്പത് റഷ്യൻ സൈനികരെ വിട്ടയച്ച് യുക്രെയ്ൻ. മെലിറ്റോപോൾ മേയർ ഇവാൻ ഫെഡൊറോവിനെ റഷ്യ മോചിപ്പിച്ചതിനെത്തുടർന്നാണ് സൈനികരെ വിട്ടയക്കാൻ യുക്രെയ്ൻ തയാറായത്. ഇവാൻ ഫെഡൊറോവിനെ മോചിപ്പിച്ചതിനു പകരമായി ഒമ്പതു സൈനികരെ വിട്ടയക്കുന്നെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു.
2002 ലും 2003 ലും ജനിച്ചവരെയാണ് വിട്ടയച്ചത്. യഥാർഥത്തിൽ അവർ കുട്ടികളാണെന്നും സെലൻസ്കി അറിയിച്ചു. 24 മണിക്കൂറിനിടെ 200 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. ഇതോടെ മൂന്നാഴ്ച പിന്നിട്ട യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം 14,000 ആയെന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്. അതോടൊപ്പം 444 റഷ്യൻ ടാങ്കുകളും 1435 സായുധ വാഹനങ്ങളും 86 വിമാനങ്ങളും 108 ഹെലികോപ്ടറുകളും 11 ഡ്രോണുകളും മൂന്നു കപ്പലുകളും തകർത്തതായും യുക്രെയ്ൻ വ്യക്തമാക്കി. അതേസമയം, യുക്രെയ്നിൽ 498 സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ നൽകുന്ന വിശദീകരണം.
മൂന്ന് റഷ്യൻ ബോംബറുകൾ വെടിവെച്ചിടുന്നതിന്റെ ചിത്രങ്ങൾ യുക്രെയ്ൻ വ്യോമസേന ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ചെർണോബിൽ കൊല്ലപ്പെട്ട 53 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. യുദ്ധത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ യൂറോപ്യൻ, യു.എസ് നേതാക്കൾ കിയവ് സന്ദർശിക്കുമെന്ന് പോളിഷ് പ്രധാനമന്ത്രി മറ്റേയൂസ് മൊറാവിക്കി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.