ഗസ്സയിൽ സൈന്യം തുടരണമെന്ന് ഇസ്രായേൽ, പൂർണമായും പിന്മാറാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്; ചർച്ച വീണ്ടും പരാജയം
text_fieldsകൈറോ: ഗസ്സയിൽ ൈസനിക സാന്നിധ്യം തുടരുമെന്ന ഇസ്രായേൽ പിടിവാശിയെ തുടർന്ന് വെടിനിർത്തൽ-ബന്ദി മോചന ചർച്ച വീണ്ടും തീരുമാനമാകാതെ പൊളിഞ്ഞു. ഗസ്സക്കും ഈജിപ്തിനുമിടയിലെ ഫിലാഡൽഫി, നെറ്റ്സറിം ഇടനാഴികളിൽ സൈനിക സാന്നിധ്യം തുടരുമെന്ന പുതിയ നിബന്ധന ഇസ്രായേൽ മുന്നോട്ടുവെച്ചതാണ് ചർച്ച പൊളിയാൻ കാരണം. ഇതോടെ ഈജിപ്തിലെ കൈറോയിൽ നടന്നുവന്ന മധ്യസ്ഥ ചർച്ച വിജയം കാണാതെ അവസാനിപ്പിച്ച് പങ്കെടുത്ത കക്ഷികൾ മടങ്ങി.
പൂർണമായ സൈനിക പിന്മാറ്റം കൂടാതെ ബന്ദികളെ വിട്ടുനൽകില്ലെന്നും മേയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അതേപടി അംഗീകരിക്കാൻ തങ്ങൾ സന്നദ്ധമാണെന്നും ഹമാസ് നിലപാട് വ്യക്തമാക്കി. “ജൂലൈ രണ്ടിന് ഞങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകളിൽനിന്ന് പിൻമാറുകയില്ല. പുതിയ വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ ഞങ്ങൾ അംഗീകരിക്കുകയുമില്ല” -ഹമാസ് വക്താവ് ഉസാമ ഹംദാൻ അൽ-അഖ്സ ടി.വിയോട് പറഞ്ഞു. മധ്യസ്ഥ ചർച്ചക്ക് ശേഷം ഹമാസ് പ്രതിനിധി സംഘം ഞായറാഴ്ച കൈറോയിൽ നിന്ന് മടങ്ങി. യു.എസും ഖത്തറും ഈജിപ്തുമാണ് മധ്യസ്ഥ ശ്രമം നടത്തുന്നത്.
അതിനിടെ, ഒക്ടോബർ 7 ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഇസ്രായേൽ സർക്കാർ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ബന്ദികളുടെ കുടുംബങ്ങൾ അറിയിച്ചു. ബന്ദികളെ തിരികെ കൊണ്ടുവരുന്നതിൽ ഇസ്രായേൽ സർക്കാർ പൂർണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം പങ്കെടുക്കില്ലെന്ന് ഹോസ്റ്റേജ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം ആരോപിച്ചു.
ഗസ്സ അതിർത്തി പ്രദേശങ്ങളിെല ജൂതകമ്മ്യൂണിറ്റികളായ കിബത്സിം കിഫർ ആസ, നഹൽ ഓസ്, യാദ് മൊർദെചായി, നിർ യിത്സ്ഹാഖ്, കിബത്സിം നിരിം, നിർ ഓസ്, റീം എന്നിവയും സർക്കാർ പരിപാടി ബഹിഷ്കരിക്കുെമന്ന് കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇവരുടെ നേതൃത്വത്തിൽ സർക്കാർ പരിപാടികൾക്ക് സമാന്തരമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒക്ടോബർ ഏഴിന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അറിയിച്ചു. കുമു പ്രസ്ഥാനവുമായി സഹകരിച്ച് ക്രൗഡ് ഫണ്ടിംഗിലൂടെയാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
ഗസ്സയിൽ ഇന്നും ഇസ്രായേൽ കനത്ത ആക്രമണം തുടർന്നു. 24 മണിക്കൂറിനിടെ 33 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ 40,435 ഫലസ്തീനികളാണ് ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.