ഇസ്രായേൽ തടവറകളിൽ കൊടിയ പീഡനം; മോചിപ്പിച്ച അൽശിഫ ആശുപത്രി മേധാവിയുടെ വെളിപ്പെടുത്തൽ
text_fieldsഖാൻ യൂനിസ് (ഗസ്സ): ഏഴുമാസം മുമ്പ് ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി തടവിൽ പാർപ്പിച്ച ഗസ്സയിലെ അൽശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സെൽമിയ ഉൾപ്പെടെ 50 തടവുകാരെ മോചിപ്പിച്ചു. ഹമാസിന്റെ കേന്ദ്രമെന്ന് ആരോപിച്ചാണ് നവംബറിൽ അൽശിഫ ആശുപത്രി ആക്രമിച്ച് ഇസ്രായേൽ സൈന്യം ഇവരെ പിടികൂടിയത്. ഇസ്രായേൽ തടവറയിൽ താനുൾപ്പെടെയുള്ള ഫലസ്തീനികൾക്ക് കൊടിയ പീഡനമാണ് നേരിട്ടതെന്ന് അബു സെൽമിയ വെളിപ്പെടുത്തി. പല തരത്തിലാണ് ഫലസ്തീകളെ ഇസ്രായേൽ സേന പീഡിപ്പിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും തടവുകാരെ മർദിക്കുകയാണ്. ആക്രമണത്തിൽ തന്റെ തല പൊട്ടുകയും കൈവിരൽ ഒടിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരുൾപ്പെടെ എല്ലാവരും നിയമം ലംഘിച്ച് മോശമായി പെരുമാറി. ചികിത്സ കിട്ടാത്തതിനാൽ പലരുടെയും കൈകാലുകൾ മുറിച്ചുമാറ്റിയതായും അബു സെൽമിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബർ 22ന് യു.എൻ നേതൃത്വത്തിൽ രോഗികളെ ആശുപത്രിയിൽനിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് അബു സെൽമിയയെ കസ്റ്റഡിയിലെടുത്തത്. തന്റെ തടങ്കൽ രാഷ്ട്രീയ പ്രേരിതമായിരുന്നു. മൂന്ന് തവണ തന്നെ കോടതിയിൽ ഹാജരാക്കി. എന്നാൽ, ഒരിക്കലും കുറ്റം ചുമത്തുകയോ അഭിഭാഷകരുമായി സംസാരിക്കാൻ സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ തടവറകളിൽ ക്രൂര പീഡനമാണെന്ന് നേരത്തെ മോചിതരായ പല ഫലസ്തീനികളും വെളിപ്പെടുത്തിയിരുന്നു. അതേസമയം, അൽശിഫ ആശുപത്രി ഡയറക്ടറുടെ ആരോപണത്തെ കുറിച്ച് ഇസ്രായേൽ അധികൃതർ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങൾ നേരത്തെ ജയിൽ അധികൃതർ തള്ളിയിരുന്നു. അതേസമയം, അബു സെൽമിയയെ വിട്ടയച്ച നടപടിയെ ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ വിമർശിച്ചു. തങ്ങളുടെ അഭിപ്രായം തേടാതെയാണ് ഇവരെ മോചിപ്പിച്ചതെന്ന് അവർ പറഞ്ഞു.
തീവ്രവാദികൾ വീണ്ടും തമ്പടിച്ചതായി ആരോപിച്ച് ഈ വർഷം ആദ്യവും സൈന്യം ആശുപത്രിയിൽ ആക്രമണം നടത്തി.
അൽശിഫക്ക് പുറമെ, നിരവധി ആശുപത്രികൾ ഇസ്രായേൽ സേന ആക്രമിക്കുകയും പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ, സേന ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ഫലസ്തീനികളുടെ ചികിത്സയാണ് മുടങ്ങിയത്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 37,800 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.