വെടിനിർത്തലിന് താൽപര്യമില്ല; ഗാലന്റിന് ലക്ഷ്യം വേറെ?
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ നീട്ടുന്നതിന് ഖത്തറിൽ നടന്ന തിരക്കിട്ട ചർച്ചകൾ ഫലം കാണാതിരുന്നതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായി. വെടിനിർത്തൽ വ്യവസ്ഥ ലംഘിച്ച് ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയെന്നാരോപിച്ച്, ഗസ്സയിൽ ഹമാസിനെതിരെ ആക്രമണം പുനരാരംഭിച്ചതായി ഇസ്രായേൽ സൈന്യം വെള്ളിയാഴ്ചയാണ് പ്രസ്താവനയിൽ അറിയിച്ചത്. യഥാർഥത്തിൽ, യുദ്ധം തുടരണമെന്ന് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടുവരുകയായിരുന്നു.
ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന് ശക്തമായ സൈനിക പ്രതികരണം വേണമെന്ന തീരുമാനമുണ്ടായതിന് പിന്നാലെ, സൈനിക സമീപനത്തിന്റെ രീതികൾ കർക്കശമായി നിർദേശിച്ചിരുന്നത് പ്രതിരോധ മന്ത്രി യോവ് ഗാലന്റായിരുന്നു. നാവികസേന കമാൻഡോയായി കരിയർ ആരംഭിച്ച ഗാലന്റാണ് 2010ൽ ഗസ്സയിൽ നടന്ന ഇസ്രായേൽ അധിനിവേശത്തിന് നേതൃത്വം നൽകിയത്. ഇത്തവണ ഗസ്സയിലെ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഇസ്രായേലിന്റെ ശത്രുക്കളെ ‘മനുഷ്യ മൃഗങ്ങൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഗാലന്റ് പറയുന്നത് ഔദ്യോഗിക നയമാണെന്നതിൽ ഉന്നത ജനറൽമാർ മുതൽ താഴേത്തട്ടിലുള്ള സൈനികൻ വരെ ആർക്കും സംശയമുണ്ടായിരുന്നില്ല. ആദ്യം പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിർത്തൽ കാലാവധി പൂർത്തിയായ തിങ്കളാഴ്ച ഗാലന്റ് തന്റെ നിലപാട് വ്യക്തമാക്കി. ഒരു സംഘം ഓഫിസർമാരും സൈനികരുമായി സംസാരിക്കവേ ഗാലന്റ് പറഞ്ഞത് വെടിനിർത്തൽ അധികം നീളില്ലെന്നാണ്. ‘‘കുറച്ചു ദിവസങ്ങൾ കൂടിയാണ് ഉള്ളത്. യുദ്ധം പുനരാരംഭിക്കുമ്പോൾ, കൂടുതൽ ശക്തി പ്രയോഗിക്കും. ഗസ്സയിലുടനീളം യുദ്ധം നടത്തുകയും ചെയ്യും’’ -അദ്ദേഹം പറഞ്ഞു.
എന്നാൽ, മറ്റുചില കാര്യങ്ങളും അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്ന് സ്വാഭാവികമായും സംശയിക്കപ്പെടുന്നു. ഒക്ടോബർ ഏഴിലെ ഇന്റലിജൻസ് വീഴ്ചക്കും എതിർപ്പുകളെ അവഗണിച്ച് ജുഡീഷ്യൽ പരിഷ്കരണത്തിന് ശാഠ്യം പിടിച്ചതിനും നെതന്യാഹു ഉത്തരം പറയേണ്ടിവരും.
ചുമരെഴുത്ത് വ്യക്തമാണ്; യുദ്ധം അവസാനിച്ചാലുടൻ ഇസ്രായേൽ നെതന്യാഹുവിനെ കൈയൊഴിയും. നെതന്യാഹു പോയിക്കഴിഞ്ഞാൽ മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കേണ്ടിവരുമെന്ന് ഭരണസഖ്യത്തിന് നേതൃത്വം നൽകുന്ന ലിക്കുഡ് പാർട്ടിയിലെ മുതിർന്ന നേതാവായ ഗാലന്റിന് അറിയാം. വിജയ ചരിത്രമുള്ള മുൻ സൈനിക ഉദ്യോഗസ്ഥരെയാണ് ഇസ്രായേൽ ജനത എന്നും ഇഷ്ടപ്പെടുന്നത്. അതിനാൽ, നേതൃത്വത്തിലേക്കുള്ള മത്സര രംഗത്ത് സ്വയം പ്രതിഷ്ഠിക്കാൻ ഗാലന്റിന് ആഗ്രഹമുണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.