ഐ.എസിനെ തുരത്താൻ യു.എസ് സഹായം വേണ്ട –താലിബാൻ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ ഭീകരസംഘങ്ങളെ അമർച്ചചെയ്യാൻ യു.എസുമായി സഹകരിക്കില്ലെന്ന് താലിബാൻ. രണ്ടുദിവസങ്ങളിലായി യു.എസ് പ്രതിനിധിസംഘവുമായി ദോഹയിൽ നടക്കുന്ന കൂടിക്കാഴ്ചക്കിടെ മാധ്യമങ്ങളോടാണ് താലിബാൻ നയം വ്യക്തമാക്കിയത്.
ആഗസ്റ്റിൽ അഫ്ഗാനിലെ സൈനിക പിന്മാറ്റത്തിനു ശേഷം ആദ്യമായാണ് യു.എസ് സംഘം താലിബാനുമായി നേരിട്ട് ചർച്ച നടത്തുന്നത്. അഫ്ഗാനിലെ ഭീകരവാദവും വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതുമടക്കമുള്ള വിഷയങ്ങളാണ് ചർച്ചയായത്. ഒഴിപ്പിക്കൽ നടപടികൾക്ക് അനുകൂലമായാണ് താലിബാൻ പ്രതികരിച്ചത്.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചശേഷം ഐ.എസ് ഭീകരർ ആക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കുന്ദൂസിലെ ശിയ പള്ളിയിൽ പ്രാർഥനക്കിടെയുണ്ടായ ചാവേറാക്രമണത്തിൽ 46 പേരാണ് കൊല്ലപ്പെട്ടത്. ഐ.എസിനെ സ്വന്തം നിലക്കു തന്നെ നേരിടുമെന്നും യു.എസിെൻറ സഹകരണം വേണ്ടെന്നും താലിബാൻ രാഷ്ട്രീയകാര്യ വക്താവ് സുഹൈൽ ഷഹീൻ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
യൂറോപ്യൻ യൂനിയൻ പ്രതിനിധി സംഘവുമായും താലിബാൻ ചർച്ച നടത്തും. അഫ്ഗാന് മാനുഷിക സഹായം ലഭ്യമാക്കുകയാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.