'അഫ്ഗാൻ മണ്ണ് ആർക്കെതിരെയും ഉപയോഗിക്കുമെന്ന ആശങ്ക വേണ്ട'; ഡൽഹി യോഗത്തെ സ്വാഗതം ചെയ്ത് താലിബാൻ
text_fieldsകാബൂൾ: എട്ട് രാജ്യങ്ങൾ ഉൾപ്പെട്ട ഡൽഹി റീജിയണൽ സെക്യൂരിറ്റി ഡയലോഗിൽ നടന്ന അഫ്ഗാനിസ്താനെക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതം ചെയ്ത താലിബാൻ, അഫ്ഗാൻ മണ്ണ് ആർക്കെതിരെയെങ്കിലും ഉപയോഗിക്കപ്പെടുമോ എന്നതിൽ ലോകത്തിന് ആശങ്ക വേണ്ടെന്ന് അറിയിച്ചു.
ഇന്ത്യൻ കോൺഫറൻസിൽ ഉയർന്ന അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും ഇതിനകം നിറവേറ്റിയതായി താലിബാൻ അവകാശപ്പെട്ടതായി അഫ്ഗാൻ വാർത്താ ചാനലായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. 'ഇന്ത്യയിൽ ചേർന്ന യോഗത്തെ ഇസ്ലാമിക് എമിറേറ്റ് താലിബാൻ സ്വാഗതം ചെയ്യുന്നു. ഭരണത്തിൽ ഉറച്ച നടപടികളെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
അഫ്ഗാനിസ്താൻ മണ്ണ് ആർക്കെതിരെയും ഉപയോഗിക്കപ്പെടുന്നതിൽ രാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ല' -വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഡെപ്യൂട്ടി വക്താവ് ഇനാമുല്ല സമംഗാനിയെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഡൽഹി സുരക്ഷാ യോഗത്തിൽ അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെക്കുറിച്ചും രാജ്യത്തെയും മേഖലയെയും സംബന്ധിച്ച പ്രധാന വെല്ലുവിളികളെക്കുറിച്ചും വിലയിരുത്തലുകളുണ്ടായി. ചർച്ചകളിലൂടെ തങ്ങളുടെ ആവശ്യങ്ങൾ താലിബാനിലേക്ക് എത്തിക്കാനാണ് ലോക രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും ഈ കൂടിക്കാഴ്ചകൾ അഫ്ഗാനിസ്താന് അനുകൂലമായ ഫലമുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകനായ സയ്യിദ് ഹാറൂൺ ഹാഷിമിയെ ഉദ്ധരിച്ച് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
ഡൽഹി മേഖലാ സുരക്ഷാ സംവാദത്തിൽ ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ കൗൺസിലുകളുടെ തലവൻമാരാണ് പങ്കെടുത്തത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷനായിരുന്നു.
അഫ്ഗാനിസ്താൻ തീവ്രവാദത്തിന്‍റെ സുരക്ഷിത താവളമാകാതിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇന്ത്യയെ കൂടാതെ ഇറാൻ, കസാക്കിസ്താൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
അഫ്ഗാനിസ്താനിലെ വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക, മാനുഷിക സ്ഥിതിയിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്താനിലെ ജനങ്ങൾക്ക് അടിയന്തിര മാനുഷിക സഹായം നൽകേണ്ടതിന്റെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.