ആർക്കും ഭൂരിപക്ഷമില്ല; ഇറാൻ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്
text_fieldsതെഹ്റാൻ: ഇറാനിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ സ്ഥാനാർഥികൾക്കാർക്കും 51 ശതമാനത്തിലേറെ വോട്ടുകൾ നേടാനാകാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്. രണ്ടാംഘട്ട വോട്ടെടുപ്പ് ജൂലൈ അഞ്ചിന് നടക്കും. ഇതിന് ഇറാന്റെ ഗാർഡിയൻ കൗൺസിൽ അംഗീകാരം ലഭിച്ചു. നിലവിൽ വോട്ടെടുപ്പ് ഫലത്തിനെതിരെ സ്ഥാനാർഥികളാരും രംഗത്തെത്തിയിട്ടില്ല.
പാർലമെന്റംഗം മസൂദ് പെസഷ്കിയാനും സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയുമാണ് ആദ്യഘട്ടത്തിൽ മുന്നിലെത്തിയത്. 24.5 ദശലക്ഷത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ മസൂദ് 10.4 ദശലക്ഷം വോട്ടുകളും സഈദ് ജലീലി 9.5 ദശലക്ഷം വോട്ടുകളും നേടി. പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബാഗിർ ഖലീബാഫിന് 3.3 ദശലക്ഷം വോട്ടുകൾ ലഭിച്ചു. ശിയ മതപ്രഭാഷകനായ മുസ്തഫ പൗർമുഹമ്മദി 2,06,000 വോട്ടുകൾ നേടി. ഇറാനിലെ നിയമപ്രകാരം 50 ശതമാനത്തിലേറെ വോട്ടുകൾ നേടുന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ മുന്നിലെത്തിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ മത്സരം നടക്കും. ഇറാന്റെ ചരിത്രത്തിൽ 2005ൽ മാത്രമാണ് ഇതിന് മുമ്പ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. അന്ന് അക്ബർ ഹാശിമി റഫ്സഞ്ചാനിക്ക് പകരം മഹ്മൂദ് അഹ്മദി നെജാദ് തെരഞ്ഞെടുക്കപ്പെട്ടു.
അസർബൈജാനിൽനിന്ന് മടങ്ങുന്നതിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിർദേശ പത്രിക സമർപ്പിച്ച 80 പേരിൽ ആറുപേർക്കാണ് മത്സരിക്കാൻ ഗാർഡിയൻ കൗൺസിൽ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.