ഭീകരതയെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല -മോദി
text_fieldsകസാൻ: ഭീകരതയെ നേരിടാൻ ആഗോളതലത്തിൽ കൂട്ടായ ശ്രമം വേണമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദമെന്ന ഭീഷണിയെ നേരിടുന്നതിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെയും അതിന് സാമ്പത്തിക സഹായം നൽകുന്നതിനെയും ശക്തമായി ചെറുക്കണം. ഇതിനായി ഏകമനസ്സോടെയുള്ള പ്രവർത്തനമാണ് വേണ്ടത്. യുവജനങ്ങൾ തീവ്രവാദത്തിലേക്ക് നീങ്ങുന്നതിനെതിരെയും ശക്തമായ നടപടി വേണം. സൈബർ സുരക്ഷ, സുരക്ഷിതമായ നിർമിത ബുദ്ധി എന്നിവക്കായി ആഗോള നിയന്ത്രണങ്ങൾ വേണമെന്നും മോദി ആവശ്യപ്പെട്ടു.
സംവാദം, നയതന്ത്രം എന്നിവയെയാണ് ഇന്ത്യ പിന്തുണക്കുന്നതെന്നും യുദ്ധത്തെയല്ലെന്നും മോദി പറഞ്ഞു. ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ ബ്രിക്സ് കൂട്ടായ്മക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത വേദിയിലാണ് മോദി ഇന്ത്യയുടെ നിലപാട് പ്രഖ്യാപിച്ചത്.
കോവിഡ് പ്രതിസന്ധി ഒറ്റക്കെട്ടായി മറികടന്നതുപോലെ വരുംതലമുറക്കായി സുരക്ഷിതവും സുദൃഢവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുന്ന അവസരങ്ങൾ സൃഷ്ടിക്കാൻ നമുക്കാകുമെന്ന് മോദി പറഞ്ഞു. ബ്രിക്സ് കൂട്ടായ്മയിലേക്ക് പുതിയ രാജ്യങ്ങളെ സ്വീകരിക്കാൻ ഇന്ത്യ സന്നദ്ധമാണ്. ഇക്കാര്യത്തിലുള്ള എല്ലാ തീരുമാനങ്ങളും സമവായത്തോടെയായിരിക്കണം.
ബ്രിക്സ് സ്ഥാപകാംഗങ്ങളുടെ അഭിപ്രായം മാനിക്കുകയും വേണം. യു.എൻ രക്ഷാകൗൺസിൽ ഉൾപ്പെടെ ആഗോള സംഘടനകളുടെയും പരിഷ്കരണമെന്ന ആവശ്യവും മോദി ഉച്ചകോടിയിൽ മുന്നോട്ടുവെച്ചു. യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സംഘർഷത്തിന് അറുതി വരുത്തണമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ പ്രശ്നപരിഹാരത്തിന് അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. അതിനിടെ, യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് ആവശ്യപ്പെടണമെന്ന് യൂറോപ്യൻ യൂനിയൻ ബ്രിക്സ് അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.