തകർന്ന ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ പുറത്ത് VIDEO
text_fieldsതെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഉൾപ്പെടെയുള്ള സംഘം കൊല്ലപ്പെട്ട അപകടത്തിൽ തകർന്ന ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ പുറത്ത്. തകർന്ന ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ടു. അപകടത്തിൽ പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും ഉൾപ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു.
ദുർഘടമായ മലമ്പ്രദേശത്ത് കനത്ത മൂടൽമഞ്ഞുള്ള കാലാവസ്ഥയാണ്. തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോണാണ് ഇവിടെ താപനില കൂടിയ മേഖല കണ്ടെത്തിയത്. ഹെലികോപ്ടർ അപകടത്തിൽപെട്ടതിനെ തുടർന്നുള്ള ചൂടാണിതെന്ന നിഗമനത്തിലെത്തിയിരുന്നു. തുടർന്ന് ഇവിടേക്ക് രക്ഷാപ്രവർത്തക സംഘം എത്തുകയായിരുന്നു. തവിൽ എന്ന പേരിലുള്ള മേഖലയാണിതെന്ന് അധികൃതർ പറഞ്ഞു. തബ്രീസ് നഗരത്തിന് 100 കിലോമീറ്റർ അകലെയാണിത്.
ഞായറാഴ്ച ഉച്ചയോടെയാണ് പ്രസിഡന്‍റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ കാണാതായത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഇറാന്‍റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ എന്നിവരും കൂടെയുണ്ടായിരുന്നു.
Following detection by Akinci UAV, Iranian Red Crescent announces they have found location of wreckage of President Raisi's helicopter and that 2 km is left to reach it pic.twitter.com/Z6OekpcBzp
— Anadolu English (@anadoluagency) May 20, 2024
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ടതായിരുന്നു ഹെലികോപ്ടർ. തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫ വനമേഖലയിൽ വെച്ചാണ് ഹെലികോപ്ടർ കാണാതായത്.
മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരിച്ചുപോരും വഴിയിൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.