വൻശക്തികൾ ഇന്ത്യയോട് ആജ്ഞാപിക്കാറില്ല -ഇംറാൻ ഖാൻ
text_fieldsഇസ്‍ലാമാബാദ്: ഒരു വൻശക്തി രാജ്യവും ഇന്ത്യയുടെ വിദേശനയങ്ങളിൽ ഇടപെടാറില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. രാജ്യത്തെ ജനങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തി റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പക്ഷം പിടിക്കാതിരുന്നപ്പോഴും ഒരു രാജ്യവും ഇന്ത്യക്കെതിരെ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയം നേരിടുന്നതിനു മുമ്പായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച ദേശീയ പ്രക്ഷോഭത്തിനും ഇംറാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. റഷ്യക്കെതിരെ സംസാരിക്കാൻ യൂറോപ്യൻ പ്രതിനിധികൾ പാകിസ്താനുമേൽ സമ്മർദം ചെലുത്തി. പക്ഷേ, ഇന്ത്യയോട് പറയാൻ അവർ ധൈര്യപ്പെട്ടില്ല. കാരണം ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്. മറ്റൊരു രാജ്യത്തിന് വേണ്ടി ആളുകളെ മരിക്കാൻ അനുവദിക്കില്ല. നമ്മുടെ വിദേശനയം പരമാധികാരമായിരിക്കണം.
എന്‍റെ റഷ്യ സന്ദർശനത്തിൽ അമേരിക്ക അസന്തുഷ്ടരാണ്. സഖ്യരാജ്യമായിട്ടുപോലും പശ്ചാത്യ രാജ്യങ്ങൾ പാകിസ്താനിൽ 400 ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും പ്രതിപക്ഷവുമായി ചേർന്ന് തന്‍റെ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഇംറാൻ ആരോപിച്ചു.
സഭയിൽ ഭൂരിപക്ഷം നഷ്ടമായ ഇംറാന് അവിശ്വാസം അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച കാബിനറ്റ് യോഗവും പാർലമെന്ററി പാർട്ടി യോഗവും ഇംറാൻ വിളിച്ചു ചേർത്തിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്താനാണ് ഇംറാന്റെ പാർട്ടി, പാകിസ്താൻ തെഹ്‍രീകെ ഇൻസാഫിന്റെ തീരുമാനം. ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇംറാന് വൻ തിരിച്ചടിയായിരുന്നു.
സർക്കാറിനെ അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയുടെ ഭാഗമാണ് അവിശ്വാസം എന്ന് ചൂണ്ടിക്കാട്ടി ഈ മാസം മൂന്നിനാണ് അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി തള്ളിയത്. തുടർന്ന് ഇംറാന്റെ നിർദേശ പ്രകാരം പ്രസിഡന്റ് ആരിഫ് ആൽവി ദേശീയ അംസംബ്ലി പിരിച്ചുവിട്ടു. ഈ നടപടികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാലിന്റെ നേതൃത്വത്തിൽ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്.
342 അംഗ സഭയിൽ അവിശ്വാസം ജയിക്കാൻ വേണ്ട 172 പേരുടെ ഭൂരിപക്ഷ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. ശനിയാഴ്ച രാവിലെ പത്തു മണിക്കാണ് കോടതി നിർദേശപ്രകാരം സഭ ചേരേണ്ടത്. അവിശ്വാസപ്രമേയത്തിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.