അഫ്ഗാൻ തെരഞ്ഞെടുപ്പ് കമീഷനെ പിരിച്ചുവിട്ടു; സ്ത്രീകൾ തനിച്ചു യാത്ര ചെയ്യേണ്ടെന്ന്
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ തെരഞ്ഞെടുപ്പ് കമീഷനെ താലിബാൻ പിരിച്ചുവിട്ടു. ഇനി ഇത്തരമൊരു കമീഷെൻറ ആവശ്യമില്ലെന്ന് താലിബാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു. മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ടു വകുപ്പുകൾകൂടി ഒഴിവാക്കിയതായും കരിമി അറിയിച്ചു.
സമാധാന മന്ത്രാലയം, പാർലമെന്ററി കാര്യ മന്ത്രാലയം എന്നിവയാണ് ഒഴിവാക്കിയത്. നേരത്തേ വനിത വികസന മന്ത്രാലയവും താലിബാൻ ഒഴിവാക്കിയിരുന്നു. 2006ലാണ് രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കരിച്ചത്. രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടക്കമുള്ളവയുടെ ചുമതല കമീഷനായിരുന്നു.
കമീഷനെ പിരിച്ചുവിട്ടത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ''ബാലറ്റിലൂടെയല്ല, ബുള്ളറ്റ് വഴിയാണ് അവർ അധികാരം പിടിച്ചെടുത്തത്. അതിനാൽ എല്ലാതരം ജനാധിപത്യ സ്ഥാപനങ്ങളെയും താലിബാൻ എതിർക്കും'' -മുതിർന്ന രാഷ്ട്രീയ നേതാവ് ഹാലം ഫിദായ് പ്രതികരിച്ചു.
അതിനിടെ, പുരുഷൻമാർ കൂടെയില്ലാതെ സ്ത്രീകളെ അധികദൂരം സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ താലിബാൻ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ വാഹനങ്ങളിൽ കയറ്റരുതെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.