കാബൂളിലെ യു.എസ് ഡ്രോൺ ആക്രമണം: ആരെയും ശിക്ഷിക്കില്ലെന്ന് പെൻറഗൺ
text_fieldsവാഷിങ്ടൺ: ഈ വർഷം ആഗസ്റ്റ് 29ന് അഫ്ഗാനിസ്താനിൽ യു.എസ് സേന നിരപരാധികളായ 10 പേരെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ആരെയും ശിക്ഷിക്കില്ലെന്ന് പെൻറഗൺ. സംഭവത്തിൽ ആർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച യു.എസ് ഉന്നതതല ആഭ്യന്തര സമിതി കഴിഞ്ഞമാസം റിപ്പോർട്ട് നൽകിയത്.
ഈ റിപ്പോർട്ട് തിങ്കളാഴ്ച യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ അംഗീകരിച്ചു. ഇതോടെ സംഭവത്തിലുൾപ്പെട്ട യു.എസ് സൈനികർക്കോ ഉദ്യോഗസ്ഥർക്കോ എതിരെ നടപടിയുണ്ടാകില്ല. ആഗസ്റ്റ് 29നുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഏഴു കുഞ്ഞുങ്ങളുൾപ്പെടെ സന്നദ്ധ പ്രവർത്തകെൻറ പത്തംഗ കുടുംബമാണ് കൊല്ലപ്പെട്ടത്. താലിബാെൻറ വരവോടെ യു.എസ് സൈനികരുൾപ്പെടെയുള്ളവരെ ഒഴിപ്പിക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിനു പുറത്ത് ആഗസ്റ്റ് 26നുണ്ടായ ചാവേർ ആക്രമണത്തിന് തിരിച്ചടിയെന്ന നിലയിലായിരുന്നു ഡ്രോൺ ആക്രമണം.
ചാവേർ ആക്രമണത്തിൽ 13 യു.എസ് സൈനികരുൾപ്പെടെ 183 പേർ കൊല്ലപ്പെട്ടിരുന്നു. ചാവേർ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഭീകരസംഘടന ഐ.എസ് -ഖുറാസാൻ ഏറ്റെടുത്തിരുന്നു. ഡ്രോൺ ആക്രമണം 'ദുരന്തസമാനമായ അബദ്ധ'മായിരുന്നെന്ന് യു.എസ് സെൻട്രൽ കമാൻഡ് ജനറൽ കെന്നത്ത് മക്കെൻസി പിന്നീട് ഏറ്റുപറഞ്ഞു. സന്നദ്ധ പ്രവർത്തകനായ സമൈരി അഹ്മദി വിമാനത്താവളത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് കാർ പുറത്തേക്കെടുത്തപ്പോഴാണ് യു.എസ് സേന ഡ്രോൺ വഴി ബോംബിട്ട് തകർത്തത്.
രണ്ടു വയസ്സുകാരി സുമയ്യ, 12കാരൻ ഫർസാദ് എന്നിവർക്ക് പുറമെ ഇരട്ടകളടക്കം ഏഴു കുട്ടികളും യു.എസ് സേനയുടെ പരിഭാഷകൻ അഹ്മദ് നാസറുമടക്കം 10 പേർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. സമൈരി അഹ്മദിെൻറ കാറിന് ഐ.എസ് -കെയുമായി ബന്ധമുണ്ടെന്ന് ആദ്യ ഘട്ടത്തിൽ യു.എസ് രഹസ്യാന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. ഡ്രോൺ ആക്രമണത്തെത്തുടർന്ന് കാർ പൊട്ടിത്തെറിച്ചത് അതിനകത്ത് സ്ഫോട വസ്തുക്കൾ ഉള്ളതിനാലാണെന്നായിരുന്നു യു.എസ് സേനയുടെ അവകാശ വാദം. എന്നാൽ ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന ഗ്യാസ് ടാങ്കർ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചതായിരുന്നുവെന്നും പിന്നീട് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.