പ്രതികാരത്തിനില്ല, രാജ്യത്തെ ഒന്നിപ്പിക്കും -നവാസ് ശരീഫ്
text_fieldsഇസ്ലാമാബാദ്: താൻ തിരിച്ചുവന്നത് ആരോടും പ്രതികാരം ചെയ്യാനല്ലെന്നും രാജ്യത്തെ ഒന്നിപ്പിച്ച് മോശം സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തമാക്കാനാണെന്നും മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു. നാലുവർഷത്തെ ലണ്ടൻ പ്രവാസജീവിതത്തിനു ശേഷം ശനിയാഴ്ചയാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്.
അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കവേ ചികിത്സക്കായി ലണ്ടനിലേക്ക് പോയ അദ്ദേഹം ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്ന സാഹചര്യത്തിൽ തിരിച്ചുവരാതെ അവിടെത്തന്നെ തുടരുകയായിരുന്നു. വ്യക്തിപരമായി ഒരുപാട് തിരിച്ചടികൾ നേരിട്ടുവെന്നും വളരെ പ്രയാസപ്പെട്ടാണ് സ്വയം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ലാഹോറിലെ ഗ്രേറ്റർ ഇഖ്ബാൽ പാർക്കിൽ നടത്തിയ സ്വീകരണ സമ്മേളനത്തിൽ പറഞ്ഞു.
‘ജയിലിൽ കഴിയുമ്പോഴാണ് ഭാര്യ മരിക്കുന്നത്. മാതാവിന്റെ സംസ്കാര ചടങ്ങിലും പങ്കെടുക്കാൻ കഴിഞ്ഞില്ല. മകളുടെ അറസ്റ്റും വേദനജനകമാണ്. എന്നാൽ, ഇതിനൊന്നും പ്രതികാരം ചെയ്യുന്നത് ഇപ്പോൾ എന്റെ മനസ്സിലില്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്ന് പ്രതിപക്ഷം
ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് തിരിച്ചുവരവിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതായും ഭരണഘടന വിരുദ്ധ മാർഗങ്ങൾ സ്വീകരിച്ചതായും പ്രതിപക്ഷമായ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി ആരോപിച്ചു. ദേശീയ കുറ്റവാളിയുടെ തിരിച്ചുവരവിന് അനുവദിച്ച് ഭരണകൂടം നിയമവും നീതിയും കുഴിച്ചുമൂടിയെന്ന് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
വി.വി.ഐ.പി പ്രോട്ടോകോൾ നൽകിയും സ്വീകരിക്കാൻ വിമാനത്താവളത്തിൽ സ്റ്റേറ്റ് റൂം തുറന്നും കുറ്റവാളിക്ക് അന്യായമായും നിയമവിരുദ്ധമായും സൗകര്യമൊരുക്കിയെന്ന് പി.ടി.ഐ സെക്രട്ടറി ജനറൽ ഉമർ അയൂബ് ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.