'നൊബേലിന് വംശീയ, ലിംഗ ക്വോട്ട'; ആരോപണം നിഷേധിച്ച് പുരസ്കാര സമിതി
text_fieldsസ്റ്റോക്ഹോം: ലോകം ആദരത്തോടെ കാണുന്ന െനാബേൽ ജേതാക്കളെ നിർണയിക്കുന്നതിൽ വംശവെറിയും ലിംഗ പക്ഷപാതവുമില്ലെന്ന് വിശദീകരിച്ച് പുരസ്കാര സമിതി. വളരെ കുറച്ചു സ്ത്രീകൾ മാത്രമേ ആദരിക്കപ്പെട്ടുള്ളൂവെന്നത് ശരിയാകാമെങ്കിലും 'ഏറ്റവും അർഹരായവർക്ക് നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് റോയൽ സ്വീഡിഷ് അക്കാദമി സെക്രട്ടറി ജനറൽ ഗൊരാൻ ഹാൻസൺ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂസിലൻഡ് ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയുമായ ലോറി വിങ്ക്ൾസ് നൊബേൽ സമിതിക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി എത്തിയിരുന്നു.
ഫിലിപ്പീൻസ് മാധ്യമ പ്രവർത്തക മരിയ റിസ മാത്രമാണ് ഇത്തവണ നൊബേൽ ജേതാക്കളിലെ വനിത സാന്നിധ്യം. റഷ്യൻ മാധ്യമ പ്രവർത്തകൻ ദിമിത്രി മുറാറ്റോവിനൊപ്പമായിരുന്നു മരിയ റിസ സമാധാന നൊബേൽ നേടിയത്.
1901ൽ ആരംഭിച്ചതു മുതൽ 975 പേർക്ക് നൊബേൽ നൽകിയതിൽ 59 പേർ മാത്രമാണ് വനിതകൾ. 90 ശതമാനത്തിലേറെയും പുരുഷൻമാരാണ്. പെൺസാന്നിധ്യം തീരെ കുറവായത് ദുഃഖകരമാണെന്നും അത് സാമൂഹത്തിലെ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും ഹാൻസൺ പറഞ്ഞു. അർഹരായ സ്ത്രീകൾ ആദരിക്കപ്പെടുന്നുവെന്ന് ഭാവിയിൽ ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 1903ൽ മേരി ക്യൂറി ആദ്യ വനിത നൊബേൽ ജേതാവ്. അന്ന് ഭൗതിക ശാസ്ത്രത്തിൽ പുരസ്കാരം ലഭിച്ച അവർ 2011ൽ രസതന്ത്രത്തിലും സമ്മാനിതയായി. ഒന്നിലേറെ നൊബേൽ ലഭിച്ച ഏക വനിതയാണ് മേരി ക്യൂറി.
ഈ വർഷം ശാസ്ത്ര വിഷയങ്ങളിൽ ഒരു സ്ത്രീയും ആദരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വർഷം രസതന്ത്രത്തിൽ രണ്ടു പേരുണ്ടായിരുന്നു- ഇമ്മാനുവൽ കാർപൻറിയറും ജെന്നിഫർ ദൂദ്നയും. ഭൗതിക ശാസ്ത്രത്തിൽ ആൻഡ്രിയ ഗിസും. പടിഞ്ഞാറൻ യൂറോപ്പിലും വടക്കേ അമേരിക്കയിലുമായി പ്രകൃതി ശാസ്ത്ര പ്രഫസർമാരിൽ 10 ശതമാനം മാത്രമാണ് വനിതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.