സമാധാനത്തിനുള്ള നൊബേൽ ബെലാറസ് മനുഷ്യാവകാശ പ്രവർത്തകനും റഷ്യൻ- യുക്രെയ്ൻ സംഘടനകൾക്കും
text_fieldsഓസ്ലോ: ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അചഞ്ചലമായി നിലകൊണ്ട ബെലറൂസ് ആക്ടിവിസ്റ്റ് എലിസ് ബ്യാല്യാട്സ്കിക്കും റഷ്യൻ ഗ്രൂപ്പായ 'മെമ്മോറിയൽ', യുക്രെയ്ൻ സംഘടന 'സെന്റർ ഫോർ സിവിൽ ലിബർട്ടീസ്' എന്നിവക്കുമാണ് സമാധാന നൊബേൽ. റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുള്ള തിരിച്ചടിയായാണ് ഇത്തവണത്തെ പുരസ്കാരം വിലയിരുത്തപ്പെടുന്നത്. ബെലറൂസ്, റഷ്യ, യുക്രെയ്ൻ എന്നീ അയൽരാജ്യങ്ങളിലെ നിർഭയരായ ജനാധിപത്യ പോരാളികൾക്കാണ് ആദരമെന്ന് നൊബേൽ സമിതി അധ്യക്ഷ ബെരിറ്റ് റെയ്സ് ആൻഡേഴ്സൺ പറഞ്ഞു.
1980കൾ മുതൽ ബെലറൂസിലെ ജനാധിപത്യ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളാണ് ബ്യാല്യാട്സ്കി. ഏകാധിപത്യം അരങ്ങുവാണ രാജ്യത്ത് മനുഷ്യാവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി. സർക്കാറിതര സംഘടനയായ 'ഹ്യൂമൻറൈറ്റ്സ് സെന്റർ വിയസ്ന' സ്ഥാപകനാണ്. സമാന്തര നൊബേൽ എന്നറിയപ്പെടുന്ന 'റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം' 2020ൽ നേടി. ഇതേ വർഷം സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ അറസ്റ്റിലായതിനുപിന്നാലെ ഇപ്പോഴും വിചാരണയില്ലാതെ തടവിൽ കഴിയുകയാണ്. ബ്യാല്യാട്സ്കിയെ ബെലറൂസ് ഭരണകൂടം അടിയന്തരമായി മോചിപ്പിക്കണമെന്ന് നൊബേൽ സമിതി ആവശ്യപ്പെട്ടു.
'കമ്യൂണിസ്റ്റ് ഏകാധിപത്യ'ത്തിന്റെ കാലത്ത് വേട്ടയാടപ്പെട്ടവർ സ്മരിക്കപ്പെടണമെന്ന ആവശ്യമുയർത്തി 1987ൽ സോവിയറ്റ് യൂനിയനിൽ സ്ഥാപിതമായ സംഘടനയാണ് 'മെമ്മോറിയൽ'. സോവിയറ്റ് യൂനിയന് ശേഷം റഷ്യയിലും നടക്കുന്ന മനുഷ്യാവകാശ നിഷേധങ്ങൾ ഇവർ രേഖപ്പെടുത്തി. രാജ്യത്തെ രാഷ്ട്രീയ തടവുകാരുടെ അവസ്ഥയും സംഘടന പൊതുജനങ്ങൾക്കുമുന്നിൽ കൊണ്ടുവരാൻ ശ്രമിച്ചു. നിയമവാഴ്ചക്കായി ശക്തമായി വാദിച്ചു. സൈനികവത്കരണത്തിനെതിരെ നിലകൊണ്ടു. വെള്ളിയാഴ്ച വ്ലാദ്മിർ പുടിന്റെ 70ാം പിറന്നാളാണ്. ആ നിലക്ക് റഷ്യൻ പ്രസിഡന്റിനുള്ള ശക്തമായ സന്ദേശമെന്ന നിലക്കാണോ ഈ അവാർഡെന്ന ചോദ്യത്തോട് പ്രതികരിക്കവെ, 'എക്കാലത്തും ഈ അവാർഡ് നൽകിയത് ഏതെങ്കിലും കാര്യത്തിനോ വ്യക്തിക്കോ ആണെന്നും ആർക്കും എതിരായല്ലെന്നും' നൊബേൽ കമ്മിറ്റി വ്യക്തമാക്കി.
അവാർഡ് പുടിനെതിരല്ല. എന്നാൽ, ബെലറൂസ് സർക്കാറിനെപ്പോലെ പുടിൻ സർക്കാറും ഏകാധിപത്യ ഭരണരീതിയാണ് പിന്തുടരുന്നത്. അത് മനുഷ്യാവകാശ പ്രവർത്തകരെ അടിച്ചമർത്തുന്നു -കമ്മിറ്റി അധ്യക്ഷ പറഞ്ഞു.'ദ സെന്റർ ഫോർ സിവിൽ ലിബർട്ടീസ്' 2007ലാണ് സ്ഥാപിതമായത്. യുക്രെയ്നിൽ ജനാധിപത്യവും മനുഷ്യാവകാശവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുപിന്നാലെ, അവിടെ നടക്കുന്ന യുദ്ധ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നതിൽ സംഘടന മുൻപന്തിയിലാണ്. 10 ദശലക്ഷം സ്വീഡിഷ് ക്രോണ(7.40 കോടി രൂപ)യാണ് അവാർഡ് തുക. ഡിസംബർ 10ന് പുരസ്കാരം സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.