അതിജീവിതർ, സമാധാനകാംക്ഷികൾ
text_fieldsപശ്ചിമേഷ്യൻ സംഘർഷങ്ങളെയും റഷ്യ-യുക്രെയ്ൻ യുദ്ധത്തെയും മുൻനിർത്തി, വർത്തമാനകാലത്തെ സംഭവവികാസങ്ങളെ ‘മൂന്നാം ലോകയുദ്ധ’മെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. സ്വാഭാവികമായും, ഈ വർഷത്തെ സമാധാന നൊബേലിന് യുക്രെയ്നിൽനിന്നോ ഫലസ്തീനിൽനിന്നോ ഒരാൾ അല്ലെങ്കിൽ സംഘടന തിരഞ്ഞെടുക്കപ്പെടുമെന്നാണ് പലരും പ്രവചിച്ചത്. എന്നാൽ, രണ്ടാം ലോകയുദ്ധം സൃഷ്ടിച്ച ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന്റെ ഓർമകളിലേക്ക് നൊബേൽ കമ്മിറ്റി തിരിച്ചുപോയത് ഏവരെയും അത്ഭുതപ്പെടുത്തി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനത്തിലെ അതിജീവിതരുടെ സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോ എന്തുകൊണ്ട് ഈ കാലത്ത് സ്മരിക്കപ്പെടണമെന്ന് പുരസ്കാര പ്രഖ്യാപനം നടത്തിയ ചെയർമാൻ യുർഗൻ ഫ്രദ്നിസ് വിശദീകരിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ലോകം യുദ്ധമുഖത്ത് നിൽക്കുമ്പോൾ, പൂർവകാലത്തെ ദുരന്തങ്ങളെയും ഇരകളെയും അതിജീവിതരെയും ലോകരാഷ്ട്രങ്ങളെ ഓർമപ്പെടുത്തുകയാണ് നൊബേൽ കമ്മിറ്റി.
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കയുടെ അണുബോംബ് വർഷിച്ച് മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെട്ടത് 8000ലധികം ആളുകളാണ്. 1945 ഡിസംബർ അവസാന വാരമാകുമ്പോഴേക്കും മരണം രണ്ട് ലക്ഷം കടന്നു.
പിന്നീട്, പരിക്കേറ്റവരും വികിരണ ബാധയേറ്റവരുമൊക്കെയായി മരണം മൂന്ന് ലക്ഷവും കടന്നു. ഏതാണ്ട് ഒന്നേകാൽ ലക്ഷം പേരാണ് ഇതിനെ അതിജീവിച്ചത്. അവർ പത്ത് വർഷത്തോളം ഒരിടത്തും കാര്യമായി പരിഗണിക്കപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം. അതിനിടയിൽ, ആഗോളതലത്തിൽ ആണവായുധ വിരുദ്ധ പ്രചാരണങ്ങളൊക്കെ തുടങ്ങിയിരുന്നു. സാക്ഷാൽ ഐൻസ്റ്റൈൻ, റസ്സൽ, ലിനേയസ് പോളിങ് തുടങ്ങിയ വമ്പന്മാർ അതിന്റെ മുൻനിരയിലുണ്ടായിരുന്നു. അപ്പോഴും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഇരകൾ അതിജീവനത്തിനായുള്ള പോരാട്ടത്തിലായിരുന്നു. 1956ൽ, അവർ സ്വന്തം നിലയിൽ ഒരു കൂട്ടായ്മക്ക് രൂപം നൽകി. പസഫിക്കിൽ അമേരിക്ക തുടർച്ചയായി നടത്തിയ ആണവായുധ പരീക്ഷണങ്ങളിൽ പരിക്കേറ്റവരും ഒപ്പംകൂടി. ആ സംഘമാണ് ‘ജപ്പാൻ കോൺഫെഡറേഷൻ ഓഫ് എ-ആൻഡ് എച്ച് ബോംബ് സഫറേഴ്സ് ഓർഗനൈസേഷൻ’ എന്ന സംഘടനയായി മാറിയത്. സംഘടനയുടെ പേരിന്റെ ജാപ്പനീസ് ചുരുക്കെഴുത്താണ് ‘നിഹോണ്‍ ഹിഡാന്‍ക്യോ’.
ഹിരോഷിമ-നാഗസാക്കി അതിജീവിതരായ വ്യക്തികളെ ‘ഹിബാകുഷ’ എന്ന് വിളിക്കാറുണ്ട്. ബോംബുകളിൽ നിന്നുള്ള വികിരണം ഏറ്റ വ്യക്തികളെ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കുന്നു. ബോംബിന്റെ പതനസ്ഥലത്തിന്റെ കേന്ദ്രഭാഗത്തുനിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയായിരിക്കുകയോ പതനകേന്ദ്രത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തെ തുടർന്ന് രണ്ട് ആഴ്ച പെട്ടിരിക്കുകയോ അണുവികിരണത്തിനു വിധേയരാകുകയോ ഗർഭാവസ്ഥയിൽ മേൽപറഞ്ഞ സ്ഥലത്തു പെട്ടുപോകുകയോ ചെയ്താൽ ‘ഹിബാകുഷ’ എന്ന വിശേഷണത്തിന് അർഹരാകും. ഇത്തരത്തിൽ, 1,14,000 ഹിബാകുഷമാർ ജപ്പാനിലുണ്ട്. പത്ത് വർഷം മുമ്പ് ഇത് 1.92 ലക്ഷം പേരായിരുന്നു.
വെറുമൊരു അതിജീവിതരായി കഴിയുകയല്ല ഇവർ. തങ്ങൾ നേരിട്ട ദുരന്താനുഭവങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കുകയും അതുവഴി ആണവായുധ നിരായുധീകരണത്തിനായുള്ള പ്രചാരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുകയാണിവർ. നിഹോണ്‍ ഹിഡാന്‍ക്യോ എന്ന സംഘടനയുടെ പിൻബലത്തിലാണ് ഈ പ്രവർത്തനങ്ങൾ. സംഘടന ഈ വിഷയത്തിൽ ആവിഷ്കരിച്ച വിദ്യാഭ്യാസ മാതൃകകളും വിഖ്യാതമാണ്.
ഹിരോഷിമ-നാഗസാക്കി സംഭവങ്ങളുടെ 80ാം വാർഷികമാണ് 2025. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെയും ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങളുടെയുമെല്ലാം പശ്ചാത്തലത്തിൽ 80ാം വാർഷികം ആഗോളതലത്തിൽതന്നെ വിപുലമായി ആചരിക്കാൻ ജപ്പാനും ഐക്യരാഷ്ട്ര സഭയുമെല്ലാം ആലോചിക്കുമ്പോൾകൂടിയാണ് ഈ നൊബേൽ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.