സമാധാന നൊബേൽ: പ്രശംസിച്ച് യൂറോപ്പ്, അതൃപ്തിയറിച്ച് ബെലറൂസ്
text_fieldsബെർലിൻ: സമാധാന നൊബേൽ ബെലറൂസ്, റഷ്യ, യുക്രെയ്ൻ മനുഷ്യാവകാശ, ജനാധിപത്യ പ്രവർത്തകർക്ക് നൽകിയതിനെ യൂറോപ് പ്രശംസിച്ചപ്പോൾ അതൃപ്തിയുമായി ബെലറൂസ്. സമാധാന നൊബേലിനുള്ള ന്യായീകരണം റഷ്യൻ അധികൃതർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു. യൂറോപ്പിലെ മനുഷ്യാവകാശങ്ങളുടെ അചഞ്ചലരായ സംരക്ഷകർക്ക് ആദരവാണിതെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.
അധികാരത്തെ സത്യമറിയിക്കാനുള്ള അവകാശം സ്വതന്ത്രവും തുറന്നതുമായ സമൂഹങ്ങളുടെ അടിസ്ഥാനമാണെന്ന് വിജയികളെ അഭിനന്ദിച്ച നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് ട്വീറ്റ് ചെയ്തു. യുക്രെയ്നിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവാർഡിനെ കാണണമെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ജെപ്പെ കോഫോഡ് പറഞ്ഞു.
ബെലറൂസിന് വേണ്ടി സ്വാതന്ത്ര്യവും ജീവിതവും ത്യജിക്കുന്ന എല്ലാവർക്കുമുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് നാടുകടത്തപ്പെട്ട ബെലറൂസ് പ്രതിപക്ഷ നേതാവ് സ്വറ്റ്ലാന സിഖനൗസ്കയ പാരീസിൽ വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. അതേസമയം, ബെലറൂസ് ആക്ടിവിസ്റ്റ് എലിസ് ബ്യാല്യാട്സ്കിക്ക് പുരസ്കാരം നൽകാനുള്ള നൊബേൽ കമ്മിറ്റിയുടെ തീരുമാനത്തെ 'രാഷ്ട്രീയവത്കരണം' എന്ന് വിശേഷിപ്പിച്ച ബെലറൂസ് വിദേശകാര്യ മന്ത്രാലയ വക്താവ് അനാറ്റോലി ഗ്ലാസ് നൊബേൽ കമ്മിറ്റിയുടെ പല സുപ്രധാന തീരുമാനങ്ങളും രാഷ്ട്രീയവത്കരിക്കപ്പെട്ടതായി ആരോപിച്ചു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഈ വർഷമാദ്യം പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളാക്കിയിരുന്നു. അതിനുമുമ്പ്, യുക്രെയ്നിലെ റഷ്യൻ അനുകൂല വിമതർക്കും സ്വേച്ഛാധിപതിയായ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോക്കും സിറിയൻ നേതാവ് ബശ്ശാർ അസദിനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നൽകിവന്ന പിന്തുണ, റഷ്യൻ സർക്കാർ വിമർശകനായ അലക്സി നവാൽനിയെപ്പോലുള്ള രാഷ്ട്രീയ എതിരാളികളെ വീട്ടുതടങ്കലിലാക്കൽ തുടങ്ങിയ വിഷയങ്ങൾ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.