നികുതിവെട്ടിപ്പ് കേസിൽ സമാധാന നൊബേൽ ജേതാവ് മരിയ റെസ്സ കുറ്റമുക്ത
text_fieldsമനില: ആവിഷ്കാരസ്വാതന്ത്ര്യത്തിന് നിലകൊണ്ട മാധ്യമപ്രവർത്തകയും സമാധാന നൊബേൽ ജേതാവുമായ മരിയ റെസ്സയെയും അവരുടെ മാധ്യമ സ്ഥാപനമായ റാപ്ലറിനെയും നാല് നികുതിവെട്ടിപ്പ് ആരോപണങ്ങളിൽ നിന്ന് ഫിലിപ്പീൻസിലെ കോടതി ബുധനാഴ്ച കുറ്റവിമുക്തമാക്കി.
സ്വന്തം രാജ്യത്തെ അധികാര ദുര്‍വിനിയോഗത്തെയും അതിക്രമങ്ങളെയും ഏകാധിപത്യത്തെയും എതിരിടാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സമര്‍ഥമായി വിനിയോഗിച്ച മരിയ റെസ്സക്കും അവർ സ്ഥാപിച്ച വാർത്ത സൈറ്റായ റാപ്ലറിനുമെതിരായ നിരവധി കേസുകളിൽപെട്ടതാണ് നികുതിവെട്ടിപ്പ് കേസ്. വിദേശനിക്ഷേപകരിൽനിന്ന് മൂലധനം സമാഹരിച്ചപ്പോൾ നികുതിവെട്ടിച്ചെന്നായിരുന്നു സർക്കാർ ആരോപണം. മരിയയും റാപ്ലറും നേരത്തേ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
വിചാരണക്ക് നാല് വർഷവും രണ്ട് മാസവും എടുത്തതായും എന്നാൽ ഇന്ന് സത്യവും നീതിയും ജയിച്ചതായും ബുധനാഴ്ച കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
1963 ഒക്ടോബര്‍ രണ്ടിന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലായിരുന്നു മരിയയുടെ ജനനം. മനില ആസ്ഥാനമായ റാപ്ലറിന്റെ സി.ഇ.ഒയും എക്സിക്യൂട്ടിവ് എഡിറ്ററുമായ റെസ്സക്ക് 2021ലാണ് സമാധാന നൊബേൽ സമ്മാനം ലഭിച്ചത്. ഫിലിപ്പീന്‍സില്‍നിന്നുള്ള ആദ്യ നൊബേല്‍ ജേതാവാണ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം ലക്ഷ്യമാക്കി 2012ലാണ് മരിയ സഹസ്ഥാപകയായ ഡിജിറ്റല്‍ മാധ്യമ കമ്പനി റാപ്ലര്‍ സ്ഥാപിതമാകുന്നത്. ഫിലിപ്പീൻസിൽ 2016ല്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് റോഡ്രിഗോ ദുതേർതെ ഭരണകൂടത്തിന്റെ ലഹരിവിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങൾ തുറന്നുകാട്ടി.
വ്യാജവാർത്ത പ്രചാരണം, എതിരാളികളെ അപമാനിക്കൽ തുടങ്ങിയവക്ക് സമൂഹമാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും പുറത്തുകൊണ്ടുവന്നതോടെ സർക്കാറിന്റെ കണ്ണിലെ കരടായി. 2020 ജൂണില്‍ അപകീർത്തിക്കേസിൽ മരിയ അറസ്റ്റിലായി തടവിനും ശിക്ഷിക്കപ്പെട്ടു. ജാമ്യത്തിലിറങ്ങിയ മരിയ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സൈബർ അപകീർത്തിക്കേസിൽ ശിക്ഷ ശരിവെച്ചാൽ റെസ്സ ഏഴ് വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.