വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞർക്ക്
text_fieldsസ്റ്റോക്ഹോം: ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന മനുഷ്യശരീരത്തിലെ സ്വീകരണികൾ (റിസെപ്ടറുകൾ) കണ്ടെത്തിയ യു.എസ് ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്ര നൊബേൽ. ഡേവിഡ് ജൂലിയസ്, ആർഡെം പാറ്റപൊട്ടിയൻ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. സ്പർശം, വേദന, ചൂട് തുടങ്ങിയ ഭൗതികസംവേദനങ്ങളെ ശരീരം എങ്ങനെ വൈദ്യുതസ്പന്ദനങ്ങളായി സിരാവ്യൂഹത്തിൽ എത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരും നടത്തിയത്. വേദനനിവാരണത്തിന് പുതുവഴി കണ്ടെത്താൻ സഹായിക്കുന്ന ഗവേഷണമാണ് ഇതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ന്യൂയോർക്കിൽ 1955ൽ ജനിച്ച ജൂലിയസ്, ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി നേടിയത്. സാൻഫ്രാൻസിസ്കോ കാലിഫോർണിയ സർവകലാശാലയിലെ പ്രഫസറാണ്.
1967ൽ ലബനാനിലെ ബെയ്റൂത്തിൽ ജനിച്ച പാറ്റപൊട്ടിയൻ യു.എസ് പസദേനയിലെ കാലിഫോർണിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് പിഎച്ച്.ഡി നേടിയത്. കാലിഫോർണിയയിലെ ലാ ഹോലയിലെ സ്ക്രിപ്സ് റിസർച്ചിൽ പ്രഫസറാണ്. സുപ്രധാനവും വലിയ മാനങ്ങളുള്ളതുമായ കണ്ടെത്തലാണ് ഇരുവരും നടത്തിയതെന്ന് നൊബേൽ പുരസ്കാര സമിതിയിലെ തോമസ് പേൾമാൻ പറഞ്ഞു. സ്വർണമെഡലും 10 ലക്ഷം ഡോളറും (7.42 കോടി രൂപ) ആണ് സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.