നൊബേൽ പുരസ്കാര വിതരണം:റഷ്യക്കും ഇറാനും ക്ഷണം
text_fieldsസ്റ്റോക്ക്ഹോം: നൊബേൽ പുരസ്കാര വിതരണചടങ്ങിലേക്ക് രാജ്യങ്ങളെ ക്ഷണിക്കുന്ന നയത്തിൽ മാറ്റം വരുത്തി നൊബേൽ ഫൗണ്ടേഷൻ. റഷ്യ, ബെലറൂസ്, ഇറാൻ എന്നീ രാജ്യങ്ങളെയും മുൻകാലത്ത് വിലക്കേർപ്പെടുത്തിയിരുന്ന സ്വീഡനിലെ തീവ്ര വലതുപക്ഷ പാർട്ടി നേതാവിനെയും ഇത്തവണ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നവർക്കിടയിൽ സംവാദം കുറഞ്ഞുവരുന്ന പ്രവണതയാണുള്ളതെന്ന് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ വിദാർ ഹെൽജെസെൻ പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പകരമായി, നൊബേൽ പുരസ്കാരം കൂടുതൽ ആഘോഷമാക്കുന്നതിനും സ്വതന്ത്ര ശാസ്ത്രം, സ്വതന്ത്ര സംസ്കാരം, സ്വതന്ത്രവും സമാധാനപൂർണവുമായ സമൂഹം എന്നിവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും ക്ഷണിതാക്കളുടെ പട്ടിക കൂടുതൽ വിപുലമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീഡനിലും നോർവേയിലും നയതന്ത്ര കാര്യാലയങ്ങളുള്ള എല്ലാ രാജ്യങ്ങളെയും ഇത്തവണ ക്ഷണിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ പാർലമെന്റുകളിൽ പ്രാതിനിധ്യം ലഭിച്ച രാഷ്ട്രീയ പാർട്ടികൾക്കും ക്ഷണമുണ്ട്.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം റഷ്യയുടെയും ബെലറൂസിന്റെയും പ്രതിനിധികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യത്തെ ‘ഗുരുതരമായ സ്ഥിതിവിശേഷ’ത്തിന്റെ പശ്ചാത്തലത്തിൽ ഇറാനെയും ക്ഷണിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.