നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആറുമാസം തടവ്
text_fieldsധാക്ക: ബംഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് പ്രഫ. മുഹമ്മദ് യൂനുസിനും ഗ്രാമീൺ ടെലികോമിലെ മൂന്നു സഹപ്രവർത്തകർക്കും തൊഴിൽനിയമം ലംഘിച്ചതിന് ആറുമാസം തടവുശിക്ഷ വിധിച്ചു. കമ്പനിയിലെ തൊഴിലാളികൾക്ക് ക്ഷേമ ഫണ്ട് നടപ്പാക്കിയില്ലെന്നതാണ് ചുമത്തിയ കുറ്റം. അതേസമയം, അപ്പീൽ നൽകാനായി നാലു പേർക്കും ജാമ്യം അനുവദിക്കുന്നുവെന്ന് ജഡ്ജി ഖുർശിദ് ആലം ഖാൻ ഉത്തരവിൽ പറഞ്ഞു.
രാഷ്ട്രീയപ്രേരിതമാണ് ശിക്ഷയെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ സമൂഹമാധ്യമത്തിൽ കുറിച്ചു. നീതി ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു. അഴിമതി, തൊഴിൽ നിയമലംഘനം തുടങ്ങി നൂറിലേറെ കുറ്റപത്രങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ തുടങ്ങി 160 അന്തർദേശീയ പ്രമുഖർ വിധിക്കെതിരെ സംയുക്ത പ്രസ്താവന നടത്തി. അദ്ദേഹത്തെ കോടതി തുടർച്ചയായി വേട്ടയാടുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു.
നൂറിലേറെ നൊബേൽ പുരസ്കാര ജേതാക്കളും മുഹമ്മദ് യൂനുസിന്റെ സുരക്ഷയും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ശൈഖ് ഹസീന ഭരണകൂടത്തിന്റെ റബർ സ്റ്റാമ്പാവുകയാണ് കോടതി എന്നാണ് വിമർശനം. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി ഏറെനാളായി നല്ല ബന്ധത്തിലല്ല മുഹമ്മദ് യൂനുസ്. പാവങ്ങളുടെ രക്തമൂറ്റിക്കുടിക്കുന്നയാൾ എന്ന ആരോപണം ശൈഖ് ഹസീന അദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു.
മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയുക്തമായി 2006ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. നൊബേൽ പുരസ്കാരം ലഭിക്കുന്ന ആദ്യ ബംഗ്ലാദേശ് പൗരനാണ് യൂനുസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.