കിങ് ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റാർക്കും വേണ്ട; പേരുള്ളവർ ഉടൻ മാറ്റണം; വിലക്കി ഉത്തര കൊറിയ
text_fieldsഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റാർക്കും വേണ്ടെന്ന് വിചിത്ര ഉത്തരവ്. സമാന പേരുള്ളവർ ഉടൻ തന്നെ മറ്റേതെങ്കിലും പേരിലേക്ക് മാറ്റണം. ഇതേ പേരുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് പേര് മാറ്റാന്‍ നിര്‍ബന്ധിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജു ഏ എന്നാണ് കിങ് ജോങ് ഉന്നിന്റെ മകളുടെ പേര്. പത്ത് വയസ്സാണ് മകൾക്ക് പ്രായം. റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് രണ്ട് അജ്ഞാത ഉറവിടങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും കുട്ടികളോടും അവരുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താനാവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും പറയുന്നു. ഇവരോട് ഒരാഴ്ചക്കകം പേര് മാറ്റണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
വടക്കൻ പ്യോങ്‌യാങ്ങിലും തെക്കൻ പ്യോങ്‌യാങ്ങിലും താമസിക്കുന്ന ജു ഏ എന്നുപേരുള്ള വനിതകളോട് ഉടൻ തന്നെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടം കത്ത് നൽകിയതായി റിപ്പോർട്ടിലുണ്ട്. ഉത്തരകൊറിയയില്‍ നേതാക്കളുടെയും അവരുടെ അടുത്ത കുടുംബാംഗങ്ങളുടെയും പേരുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ആളുകളെ നേരത്തെ തന്നെ വിലക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
കിം ജോങ് എന്ന പേരിനും മുമ്പ് തന്നെ വിലക്കുണ്ട്. അടുത്തിടെ ഉത്തരകൊറിയയുടെ സൈനിക പരേഡിനിടെ, കിം ജോങ് ഉന്നിന്റെ മകൾ ജു ഏ ഒരു വെള്ള ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച് മിസൈലിനു മുന്നിലൂടെ നടന്നു പോകുന്ന ചിത്രം പുറത്തുവന്നിരുന്നു. മൂന്നു മക്കളിൽ ജു ഏ മാത്രമാണ് ഇതുവരെ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടത്. മകളെ തന്‍റെ പിൻഗാമിയായി കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.