അമേരിക്കയുടെ പുതിയ ഉപരോധങ്ങൾക്കെതിരെയുള്ള പ്രതികാരം: മിസൈൽ പരീക്ഷണത്തിൽ വെളിപ്പെടുത്തലുമായി ഉത്തരകൊറിയ
text_fieldsഅമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾക്കെതിരെയുള്ള പ്രത്യക്ഷ പ്രതികാരമാണ് ട്രെയിനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിന് പിന്നിലെന്ന വെളിപ്പെടുത്തലുമായി ഉത്തര കൊറിയ. മിസൈലിന്‍റെ പ്രാവീണ്യത്തെ മനസ്സിലാക്കാനും പ്രവർത്തനത്തെ വിലയിരുത്താനുമാണ് പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെ.സി.എൻ.ഏ) റിപ്പോർട്ട് ചെയ്തു.
36 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ച ഇവക്ക് മണിക്കൂറിൽ 7,350 കിലോമീറ്റർ വേഗതയിൽ 430 കിലോമീറ്റർ സഞ്ചരിക്കാനായതായി ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് പറഞ്ഞു. ശബ്ദത്തേക്കാൾ ആറ് മടങ്ങ് അധിക വേഗതയാണിത്. റഷ്യയുടെ ഇസ്കന്ദർ ബാലിസ്റ്റിക് സംവിധാനത്തിന്‍റെ മാതൃകയിൽ ഉത്തരകൊറിയ നിർമ്മിച്ച ഹ്രസ്വദൂര - ഖര ഇന്ധന ആയുധമാണ് ഇത്.
ഉത്തരകൊറിയയുടെ മുൻ പരീക്ഷണങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ വിമർശിച്ച് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിറക്കി മണിക്കൂറുകൾക്ക് ശേഷമായിരുന്നു പരീക്ഷണം. കോവിഡ് മഹാമാരിക്കിടെ നടന്ന അതിർത്തി അടച്ചുപൂട്ടലിനും അമേരിക്കയുമായുള്ള ആണവ നയതന്ത്ര കരാർ മരവിപ്പിക്കലിനുമിടയിൽ പ്രദേശത്തെ മിസൈൽ പ്രതിരോധങ്ങളെ ശക്തിപ്പെടുത്താൻ ഉത്തര കൊറിയ നേരത്തേ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അതേസമയം ആണവ പരീക്ഷണങ്ങളിലൂടെ അയൽ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനാണ് ഉത്തരകൊറിയയുടെ നേതാവ് കിം ജോങ് ഉൻ ശ്രമിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.