ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ
text_fieldsസോൾ: രാജ്യത്തിന്റെ കിഴക്കൻ തീരമേഖലയിൽ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ, ജപ്പാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് കിഴക്കൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലെന്ന് സംശയിക്കുന്ന വിക്ഷേപണം നടത്തിയതെന്ന് ഉത്തര കൊറിയൻ സംയുക്ത സേന മേധാവികൾ പ്രസ്താവനയിൽ പറഞ്ഞു. വിക്ഷേപണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിലയിരുത്തുന്നതിന് ദക്ഷിണ കൊറിയ, യു.എസ് രഹസ്യാന്വേഷണ വിഭാഗങ്ങൾ ശ്രമം തുടങ്ങിയതായും അവർ അറിയിച്ചു.
ഉത്തര കൊറിയ മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ഉത്തര കൊറിയ മിസൈൽ വിക്ഷേപണം തുടരുന്നത് ഖേദകരമാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ പറഞ്ഞു. എവിടെയാണ് മിസൈൽ വിക്ഷേപിച്ചത്, നാശനഷ്ടങ്ങളുണ്ടായോ തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. മിസൈൽ വിക്ഷേപിച്ചതായി സംശയിക്കുന്ന മേഖലയിൽ കപ്പലുകളുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായി കിഷിഡ വ്യക്തമാക്കി.
ബുധനാഴ്ചയിലേത് കഴിഞ്ഞ സെപ്റ്റംബറിനും നവംബറിനുമിടയിൽ ഉത്തര കൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ വിക്ഷേപണമാണ്. ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും വിക്ഷേപിക്കാൻ കഴിയുന്ന ആണവ വാഹക ശേഷിയുള്ള മിസൈലുകളാണ് അന്ന് പരീക്ഷിച്ചത്. രാജ്യത്തിനു മേലുള്ള സാമ്പത്തിക ഉപരോധത്തിൽനിന്ന് ആശ്വാസം നേടാൻ, തങ്ങൾ ആണവ രാജ്യമാണെന്ന് ശത്രുക്കളെകൊണ്ട് സമ്മതിപ്പിക്കാനുള്ള സമ്മർദത്തിന്റെ ഭാഗമാണ് പുതിയ മിസൈൽ വിക്ഷേപണമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഉത്തര കൊറിയയുമായി ആണവ നയതന്ത്ര ചർച്ച തുടരാൻ സന്നദ്ധമാണെന്ന് യു.എസിലെ ബൈഡൻ ഭരണകൂടം അറിയിച്ചിരുന്നു.
ഉത്തര കൊറിയയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും കൊറിയൻ ഉപദ്വീപിൽ സമാധാനം കൊണ്ടുവരുന്നതിനുമുള്ള ശ്രമം തുടരുമെന്ന് മേയിൽ അധികാരമൊഴിയുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ പുതുവർഷപ്പുലരിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.