കൊറിയയിൽ വീണ്ടും ‘ബലൂൺ യുദ്ധം’
text_fieldsസോൾ: ചപ്പുചവറുകളും തുണി അവശിഷ്ടങ്ങളും സിഗരറ്റ് കുറ്റിയും നിറച്ച 2000ത്തിലധികം ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ട് ഉത്തര കൊറിയ. ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകൾ വടക്കൻ ഭാഗത്തേക്ക് പറത്തിവിട്ട ദക്ഷിണ കൊറിയൻ സിവിലിയൻ ആക്ടിവിസ്റ്റുകൾക്ക് മറുപടിയായാണ് ഉത്തര കൊറിയയുടെ നടപടി. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
സോളിന്റെ വടക്കുഭാഗത്തേക്കും കാറ്റിന് ബലൂണുകൾ കൊണ്ടുപോകാൻ കഴിയുമെന്ന് ദക്ഷിണ കൊറിയൻ സംയുക്ത സൈനിക മേധാവി പ്രതികരിച്ചു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വസതിയുടെ മുറ്റത്ത് ബലൂൺ വീണത് ആശങ്ക പടർത്തിയിരുന്നു. ഇതിലും ചപ്പുചവറുകളായിരുന്നു ഉണ്ടായിരുന്നത്. ദക്ഷിണ കൊറിയയിലെ പ്രവിശ്യ ഭരണകൂടങ്ങൾ ജനങ്ങളോട് ആകാശത്തുനിന്ന് വീഴുന്ന വസ്തുക്കളെക്കുറിച്ച് ജാഗ്രത പാലിക്കാനും ബലൂണുകൾ കണ്ടാൽ സൈന്യത്തെയോ പൊലീസിനെയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
ദീർഘനാളായി ഇരു കൊറിയകളും നല്ല ബന്ധത്തിലല്ല. ജപ്പാൻ, യു.എസ് എന്നിവയുമായി ചേർന്ന് ദക്ഷിണ കൊറിയ സൈനികാഭ്യാസം നടത്തുന്നതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നത്. ഉത്തര കൊറിയ നിരന്തരം ആയുധ പരീക്ഷണം നടത്തുന്നതും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതും ദക്ഷിണ കൊറിയക്കും അലോസരമുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.