ദക്ഷിണ കൊറിയയിലേക്ക് മാലിന്യവും വിസർജ്യവും നിറച്ച ബലൂണുകൾ പറത്തിവിട്ട് ഉത്തര കൊറിയ
text_fieldsസിയോൾ: ഉത്തര കൊറിയയിൽ നിന്നും മാലിന്യവും വിസർജ്ജ്യവും നിറച്ച ബലൂണുകൾ തങ്ങളുടെ അതിർത്തിക്കിപ്പുറത്തേക്ക് പറത്തിവിടുന്നെന്ന് ദക്ഷിണ കൊറിയ. ഇത്തരത്തിലുള്ള ബലൂണുകളുടെ ചിത്രങ്ങൾ ദക്ഷിണ കൊറിയൻ സൈന്യം പുറത്തുവിട്ടു. മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ വഹിച്ച 260 ബലൂണുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി സൈന്യം പറഞ്ഞു.
പലയിടത്തും ബലൂൺ പൊട്ടി മാലിന്യങ്ങൾ ചിതറിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം ബലൂണുകളോ മറ്റ് അജ്ഞാതവസ്തുക്കളോ ശ്രദ്ധയിൽപെട്ടാൽ തൊടരുതെന്നും പൊലീസിനെയോ സൈന്യത്തെയോ വിവരമറിയിക്കണമെന്നും ദക്ഷിണ കൊറിയ അതിർത്തിമേഖലയിലെ താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം തരംതാഴ്ന്നതും മനുഷ്യത്വവിരുദ്ധവുമായ നടപടികൾക്കെതിരെ ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നൽകുകയാണെന്ന് സൈനിക അധികൃതർ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നതാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. അതിർത്തി കടന്നെത്തുന്ന വസ്തുക്കളെ പരിശോധിക്കാൻ പ്രത്യേക വാർഫെയർ റെസ്പോൺസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ഭരണകൂടത്തെ വിമർശിക്കുന്ന ലഘുലേഖകൾ ഉൾപ്പെടെയുള്ളവ അതിർത്തിക്കപ്പുറത്തേക്ക് ബലൂണുകളിൽ പറത്തിവിടുന്ന ദക്ഷിണകൊറിയയുടെ നടപടിക്കുള്ള മറുപടിയാണ് ബലൂണുകളിൽ മാലിന്യം നിറച്ച് പറത്തിവിടുന്ന ഉത്തരകൊറിയയുടെ നടപടിയെന്നാണ് വിലയിരുത്തൽ. ഹോളിവുഡ് സിനിമകളുടെയും പാട്ടുകളുടെയും പെൻഡ്രൈവുകൾ ഉൾപ്പെടെ ഇത്തരത്തിൽ അതിർത്തിക്കപ്പുറത്തേക്ക് പറത്തിവിടാറുണ്ട്. ദക്ഷിണ കൊറിയയിലെ ആക്ടിവിസ്റ്റുകള്‍ തങ്ങളുടെ പ്രദേശങ്ങളിൽ ലഘുലേഖകളും മാലിന്യങ്ങളും ഇടയ്ക്കിടെ വിതറുന്നതിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഉത്തര കൊറിയ നേരത്തെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.