അവിടെ യുദ്ധം, ഇവിടെ മിസൈൽ പരീക്ഷണം; ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തരകൊറിയ
text_fieldsസോൾ: ഞായറാഴ്ച ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സേന. തലസ്ഥാന നഗരമായ പ്യോങ്ഗ്യാങ്ങിന് സമീപമുള്ള സുനാനിൽ നിന്ന് രാവിലെ 7.52നായിരുന്നു മിസൈൽ പരീക്ഷണമെന്നാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ ലോകം പകച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം തുടരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
ഉത്തര കൊറിയ ഈ വർഷം നടത്തുന്ന എട്ടാം മിസൈൽ പരീക്ഷണമാണിത്. ഈ വർഷം ജനുവരിയിൽ മാത്രം ഉത്തരകൊറിയ ഏഴു മിസൈലുകൾ പരീക്ഷിച്ചിരുന്നു. 2021ൽ പരീക്ഷിച്ച മിസൈലുകളുടെ എണ്ണത്തേക്കാൾ വരുമിത്.
ഫെബ്രുവരിയുടെ തുടക്കത്തിൽ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നും വിട്ടുനിന്നിരുന്നു. ചൈനയില്‍ ശീതകാല ഒളിമ്പിക്സ് നടക്കുന്നതിനാലാണ് ഇതെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 20ന് ശീതകാല ഒളിമ്പിക്സ് സമാപിച്ചതോടെ മിസൈല്‍ പരീക്ഷണം പുനരാരംഭിക്കുകയായിരുന്നു.
മാർച്ച് ഒമ്പതിന് ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം. നടക്കാനിരിക്കുന്ന ഉത്തര കൊറിയൻ സ്ഥാപകൻ കിം 2 സങിന്റെ 110-ാം ജന്മദിനാഘോഷത്തിന് വേണ്ടിയുള്ള തയാറെടുപ്പാകാം ഇതെന്നും പ്രകോപനമായി കാണേണ്ടതില്ലെന്നും വാദമുണ്ട്. ഏപ്രിൽ 15നാണ് കിം 2 സങ്ങിന്റെ 110-ാം ജന്മദിനാഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.