യുക്രെയ്ൻ യുദ്ധത്തിന് ഉത്തര കൊറിയയും; കിങ് ജോങ് ഉൻ അയക്കുക ലക്ഷം പട്ടാളക്കാരെ
text_fieldsയുക്രെയ്ൻ യുദ്ധം വിജയിക്കാൻ റഷ്യയോടൊപ്പം പോരാടുന്നതിന് ലക്ഷം സൈനികരെ ഉത്തര കൊറിയ അയക്കുമെന്ന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ. പ്രതിരോധ നിരീക്ഷകൻ ഇഗോർ കൊറോഷ്ചെങ്കോയെ ഉദ്ധരിച്ച് റഷ്യൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുദ്ധമുഖങ്ങളിൽ തിരിച്ചടി നൽകാനുള്ള ഉത്തര കൊറിയൻ സൈന്യത്തിന്‍റെ കഴിവിനെ പ്രശംസിച്ച കൊറോഷ്ചെങ്കോ, കിം ജോങ് ഉന്നിന്‍റെ വാഗ്ദാനം റഷ്യ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. യുക്രെയ്നിയൻ ഫാഷിസത്തിനെതിരെ പോരാടാൻ ഉത്തര കൊറിയക്ക് താൽപര്യമുണ്ടെങ്കിൽ അവരെ അതിന് അനുവദിക്കണം -അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നതായി റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഉത്തര കൊറിയയുടെ സഹായ വാഗ്ദാനം. റഷ്യയുടെ യുദ്ധവീര്യം അവസാനിക്കാൻ പോവുകയാണെന്ന് കഴിഞ്ഞ മാസം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം മേധാവി റിച്ചാർഡ് മൂർ പറഞ്ഞിരുന്നു. യുദ്ധമുഖത്തേക്ക് സൈനികരെയും അവശ്യവസ്തുക്കളെയും ലഭ്യമാക്കാൻ റഷ്യ ഏറെ ബുദ്ധിമുട്ടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂയോർക് ആസ്ഥാനമായുള്ള കൗൺസിൽ ഫോർ ഫോറിൻ റിലേഷൻസിന്‍റെ കണക്കനുസരിച്ച്, ലോകത്ത് കൂടുതൽ അംഗബലമുള്ള നാലാമത്തെ സൈന്യമാണ് ഉത്തര കൊറിയയുടേത്. 13 ലക്ഷം സൈനികരും, ആറ് ലക്ഷം റിസർവ് സൈന്യവും ഉത്തര കൊറിയക്കുണ്ട്. അതേസമയം, അവരുടെ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും കാലപ്പഴക്കം ചെന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യുദ്ധത്തിന് ശേഷമുള്ള യുക്രെയ്ന്‍റെ പുനർ നിർമാണത്തിനും ഉത്തര കൊറിയ റഷ്യക്ക് സഹായം വാഗ്ദാനം ചെയ്തതായി ദക്ഷിണ കൊറിയൻ മാധ്യമമായ ഡെയ്‍ലി എൻ.കെ റിപ്പോർട്ട് ചെയ്യുന്നു. ആയിരത്തിലേറെ വിദഗ്ധരെ ഡോൺബാസ് മേഖലയിലേക്ക് അയക്കുമെന്നാണ് കിം ജോങ് ഉൻ റഷ്യക്ക് വാഗ്ദാനം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.