‘സൂപ്പർ ലാർജ്’ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ഉത്തരകൊറിയ
text_fieldsപ്യോങ് യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ രണ്ട് തരം തന്ത്രപരമായ മിസൈലുകളുടെ വിജയകരമായ പരീക്ഷണങ്ങൾ നടത്തിയതായി റിപ്പോർട്ട്. അതിൽ ഒന്ന് ‘സൂപ്പർ-ലാർജ്’ ആയുധമായ ക്രൂയിസ് മിസൈൽ ആണെന്നും പറയുന്നു. ഏറ്റവും പുതിയ പരീക്ഷണൾ കിം വീക്ഷിക്കുന്ന ഫോട്ടോകൾ കെ.സി.എൻ.എ പുറത്തുവിട്ടു.
ഉത്തരകൊറിയയുടെ സുരക്ഷക്ക് പുറത്തുനിന്നുള്ള ശക്തികൾ ഉയർത്തുന്ന ഗുരുതരമായ ഭീഷണിക്കുള്ള മറുപടിയാണ് ഈ പരീക്ഷണങ്ങളെന്ന് കിം പറഞ്ഞതായി സർക്കാർ മാധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. ഈ ആയുധ പരീക്ഷണം ഉത്തരകൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആണവശക്തിയെ ശക്തിപ്പെടുത്തുന്നത് തുടരേണ്ടതിന്റെതിന്റെയും പരമ്പരാഗത ആയുധ മേഖലയിലും അതിശക്തമായ ആക്രമണശേഷി കൈവരിക്കേണ്ടതിന്റെയും ആവശ്യകത കിം ഊന്നിപ്പറഞ്ഞു.
റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഉത്തര കൊറിയ ആയുധങ്ങൾ പരീക്ഷിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ സൈന്യവും നിരവധി രാഷ്ട്രീയ നിരീക്ഷകരും ആരോപണമുന്നയിച്ചിരുന്നു. ആയുധ പരിപാടിയുടെ പേരിൽ വലിയ അന്താരാഷ്ട്ര ഉപരോധങ്ങൾക്ക് വിധേയമായ പ്യോങ്‌യാങ്, റഷ്യയുമായുള്ള വ്യാപാരം നിഷേധിച്ചിട്ടുണ്ടെങ്കിലും സൈനിക ബന്ധം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
കിം കഴിഞ്ഞ വർഷം റഷ്യ സന്ദർശിച്ച് പ്രസിഡന്‍റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പുടിൻ ജൂണിൽ പ്യോങ്‌യാങ് സന്ദർശിച്ചിരുന്നു. ഇരു നേതാക്കളും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. റഷ്യൻ സുരക്ഷാ മേധാവി സെർജി ഷോയിഗുവും കഴിഞ്ഞ ആഴ്ച പ്യോങ്‌യാങ്ങിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉത്തരകൊറിയയുടെ പർവതപ്രദേശമായ വടക്കുകിഴക്കൻ മേഖലയിൽ പതിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം വ്യാഴാഴ്ച പറഞ്ഞു. ഉത്തരകൊറിയ സാധാരണ കടലിൽ പതിക്കും വിധം കിഴക്കൻ തീരത്താണ് മിസൈലുകൾ പരീക്ഷിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.