യു.എസ് യുദ്ധം അനിവാര്യമാക്കുന്നുവെന്ന് കിം ജോങ് ഉൻ
text_fieldsപ്യോങ്യാങ്: നാല് ചാരഉപഗ്രഹങ്ങളുടെ കൂടി വിക്ഷേപണം 2024ൽ നടത്താനൊരുങ്ങി ഉത്തരകൊറിയ. ഇതിനൊപ്പം മിലിറ്ററി ഡ്രോണുകൾ വികസിപ്പിക്കുകയും ആണവപരീക്ഷണം നടത്തുകയും ഉത്തരകൊറിയ ചെയ്യും. ഈ വർഷം നിരവധി പരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയിരുന്നു. നവംബറിൽ ചാര ഉപഗ്രഹം മൂന്നാമതും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിന് പുറമേ ഡിസംബറിൽ ഇന്റർകോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണവും കൊറിയ നടത്തിയിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗത്തിലാണ് ചാരഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അറിയിച്ചത്. യു.എസ് യുദ്ധം ഒഴിവാക്കാനാകാത്ത സ്ഥിതിയിലേക്ക് ഉത്തരകൊറിയയെ എത്തിക്കുകയാണെന്നും കിം ജോങ് ഉൻ കുറ്റപ്പെടുത്തി. ഉത്തരകൊറിയയെ ആക്രമിക്കാനുള്ള നീക്കങ്ങൾ മൂലം കൊറിയൻ ഉപദ്വീപിൽ എപ്പോൾ വേണമെങ്കിലും ഒരു യുദ്ധംപൊട്ടിപുറപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കിം ജോങ് മുന്നറിയിപ്പ് നൽകിയതായി കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
ഏത് ആക്രമണത്തിന് മറുപടിയായി ആണവായുധങ്ങൾ ഉപയോഗിച്ചുള്ള പോരാട്ടത്തിന് വരെ ഒരുങ്ങിയിരിക്കാൻ സൈന്യത്തിന് കിം ജോങ് ഉൻ നിർദേശം നൽകി. നേരത്തെ ഉത്തരകൊറിയൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതയും ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസി തള്ളിക്കളയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.