ട്രംപ് അധികാരമേൽക്കുന്നതിനുള്ളിൽ കടുത്ത യു.എസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് കിം ജോങ് ഉൻ
text_fieldsപ്യോങ്‌യാങ്: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുമ്പായി കടുത്ത യു.എസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ അഞ്ചു ദിവസത്തെ പ്ലീനറി യോഗത്തിലാണ് യു.എസ് വിരുദ്ധ നയം കടുപ്പിക്കുന്നതിനുള്ള സൂചന കിം നൽകിയത്. ‘കമ്യൂണിസ്റ്റ് വിരുദ്ധതയെ അതിന്റെ മാറ്റമില്ലാത്ത ദേശീയ നയമായി കണക്കാക്കുന്ന ഏറ്റവും പിന്തിരിപ്പൻ രാഷ്ട്രം’ എന്ന് കിം യു.എസിനെ വിശേഷിപ്പിച്ചു. യു.എസ്-ദക്ഷിണ കൊറിയ-ജപ്പാൻ പങ്കാളിത്തം ആണവ സൈനിക സംഘമായി’ വികസിക്കുകയാണെന്നും കിം പറഞ്ഞു.
ഏത് ദിശയിലാണ് നമ്മൾ മുന്നേറേണ്ടതെന്നും എന്ത് ചെയ്യണമെന്നും ഈ യാഥാർത്ഥ്യം വ്യക്തമായി കാണിക്കുന്നുവെന്ന് കിം പറഞ്ഞതായി ഔദ്യോഗിക കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയുടെ ദീർഘകാല ദേശീയ താൽപര്യങ്ങൾക്കും സുരക്ഷക്കും വേണ്ടിയുള്ള ‘അമേരിക്കൻ വിരുദ്ധ’ പോരാട്ടത്തിന്റെ ഏറ്റവും തീവ്ര നിലപാടിലേക്ക് രാജ്യം പോവുന്നതായി കിമ്മിന്റെ പ്രസംഗം വ്യക്തമാക്കി.
ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് ഉത്തരകൊറിയയുമായുള്ള നയതന്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. തന്റെ ആദ്യ ടേമിൽ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കായി ട്രംപ് മൂന്ന് തവണ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഉക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളിൽ ട്രംപ് പ്രഥമ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതിനാൽ കിം-ട്രംപ് കുടിക്കാഴ്ചയുടെ തുടർച്ച പെട്ടെന്നുണ്ടാവാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറയുന്നു. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തിന് ഉത്തരകൊറിയയുടെ പിന്തുണയും നയതന്ത്രം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി ഉയർത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ട്രംപും കിമ്മും തമ്മിലുള്ള മുൻകാല കൂടിക്കാഴ്ചകൾ അതിനുമുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള തീക്ഷ്ണമായ വാഗ്‍യുദ്ധങ്ങളുടെയും ഭീഷണികളുടെയും തീവ്രത അവസാനിപ്പിക്കുക മാത്രമല്ല, ഇരു നേതാക്കളും വ്യക്തിപരമായ ബന്ധം വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. താനും കിമ്മും ‘സ്നേഹത്തിലേക്കു പതിച്ചു’ എന്നുവരെ ട്രംപ് ഒരിക്കൽ പറഞ്ഞു. എന്നാൽ, ഉത്തര കൊറിയക്കുമേൽ യു.എസ് നേതൃത്വത്തിലുള്ള ഉപരോധത്തെച്ചൊല്ലി ഇരുവരും തർക്കിച്ചതിനാൽ 2019ലെ ചർച്ചകൾ പരാജയപ്പെട്ടു.
യു.എസിനെയും സഖ്യകക്ഷികളെയും ലക്ഷ്യമിട്ട് കൂടുതൽ ആണവ മിസൈലുകൾ നിർമിക്കുന്നതിനായി ഉത്തര കൊറിയ അതിന്റെ ആയുധ പരീക്ഷണ പ്രവർത്തനങ്ങളുടെ വേഗത കുത്തനെ വർധിപ്പിച്ചു. യു.എസും ദക്ഷിണ കൊറിയയും തങ്ങളുടെ സൈനിക ഉഭയകക്ഷി അഭ്യാസങ്ങളും ജപ്പാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരിശീലനങ്ങളും വിപുലീകരിച്ചുകൊണ്ട് അതിനോട് പ്രതികരിക്കുകയും ചെയ്തു. യു.എസ് നേതൃത്വത്തിലുള്ള അത്തരം അഭ്യാസങ്ങളെ ‘അധിനിവേശ റിഹേഴ്സലുകളായി’ കാണുന്ന ഉത്തര കൊറിയ ശക്തമായ ശാസനകൾ പുറപ്പെടുവിച്ചു.
ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെ പിന്തുണക്കാൻ ഉത്തര കൊറിയ പതിനായിരത്തിലധികം സൈനികരെയും ആയുധ സംവിധാനങ്ങളെയും അയച്ചതിൽ യു.എസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂടുതൽ ശക്തിയേറിയ ആണവ മിസൈലുകൾ നിർമിക്കുന്നതിനുള്ള സഹായം ഉൾപ്പെടെയുള്ള നൂതനമായ ആയുധ സാങ്കേതിക വിദ്യ ഉത്തരകൊറിയക്ക് റഷ്യ നൽകിയേക്കുമെന്നും യു.എസ് ഭയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.