ഉത്തരകൊറിയയുടെ മുൻ ആശയ പ്രചാരക തലവൻ കിം കി നാം അന്തരിച്ചു
text_fieldsസിയോൾ: ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരക തലവൻ കിം കി നാം(94) അന്തരിച്ചു. പ്രായാധിക്യവും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനേ തുടർന്നാണ് കിം കി നാമിന്റെ അന്ത്യമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2022 മുതൽ ചികിത്സയിലായിരുന്നു കിം കി നാമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദശാബ്ദങ്ങളോളം ഉത്തര കൊറിയയുടെ ആശയ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നത് കിം കി നാമായിരുന്നത്. കിം രാജവംശത്തിന്റെ ഭരണകാലത്ത് രാജ്യത്ത് ആശയ പ്രചാരണത്തിനും നേതൃത്വത്തിന്റെ രാജ്യമെങ്ങും ആരാധകർ രൂപീകരിക്കാനും ഏറെ പ്രധാനമായ പങ്കുവഹിച്ച ആളായിരുന്നു കിം കി നാം.
ബുധനാഴ്ച പുലർച്ചെ നടന്ന സംസ്കാര ചടങ്ങുകളിൽ ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ പങ്കെടുത്ത്, ആദരാഞ്ജലി അർപ്പിച്ചു. ഭരണാധികാരികളോട് അളവറ്റ തോതിൽ വിശ്വസ്തനായിരുന്നു കിം കി നാമെന്നാണ് കിം ജോംഗ് ഉൻ വിശദമാക്കിയത്. 1966-ലാണ് കിം കി നാം ആശയ പ്രചാരകനായി നിയമിതനായത്. കിം ജോംഗ് ഉന്നിന്റെ പിതാവിനൊപ്പമായിരുന്നു കിം കി നാം പ്രവർത്തനം ആരംഭിച്ചത്. 1970കളിൽ സംസ്ഥാന മാധ്യമങ്ങളുടെ ചുമതലയിൽ കിം കി നാമെത്തി. ഉത്തര കൊറിയയുടെ രാഷ്ട്രീയ പ്രചാരണത്തിനായുള്ള മുദ്യാവാക്യങ്ങളുടെ സൃഷ്ടാവും കിം കി നാമായിരുന്നു.
2010ന്റെ അവസാനത്തോടെയാണ് കിം കി നാം വിരമിച്ചത്. എന്നാൽ കിം ജോഗ് ഉന്നിനൊപ്പം പൊതു പരിപാടികളിൽ കിം കി നാം പങ്കെടുത്തിരുന്നു. നാസി ആശയ പ്രചാരകനായിരുന്ന ജോസഫ് ഗിബൽസിന് തുല്യനായാണ് ദക്ഷിണ കൊറിയൻ ന്യൂസ് ഏജൻസികൾ കിം കി നാമിനെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.