ആയുധനിർമാണം വർധിപ്പിക്കാൻ ഉത്തരകൊറിയ; രഹസ്യാന്വേഷണ ഉപഗ്രഹം വിക്ഷേപിക്കാനും പദ്ധതി
text_fieldsപ്യോങ് യാങ്: ആണവായുധങ്ങളും ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലും കൂടുതലായി നിർമിക്കാൻ നിർദേശിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ഉത്തര കൊറിയൻ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതുവത്സരദിനത്തിൽ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് മണിക്കൂറുകൾക്കുശേഷമാണ് വൻതോതിൽ ആയുധം നിർമിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകിയത്. ‘‘ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം ഉത്തര കൊറിയയെ ശ്വാസംമുട്ടിക്കാനാണ് അമേരിക്കയും ദക്ഷിണ കൊറിയയും ശ്രമിക്കുന്നത്. പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തെ ശക്തിപ്പെടുത്തണമെന്ന് സാഹചര്യം ആവശ്യപ്പെടുന്നു.
അപകടകരമായ സൈനികനീക്കമാണ് യു.എസും അവരെ സ്വീകരിക്കുന്നവരും (ദക്ഷിണ കൊറിയയും ജപ്പാനും) നമ്മെ ലക്ഷ്യമാക്കി നടത്തുന്നത്’’ -കിം ജോങ് ഉൻ വർക്കേഴ്സ് പാർട്ടി യോഗത്തിൽ പറഞ്ഞതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആദ്യ സൈനിക രഹസ്യാന്വേഷണ ഉപഗ്രഹം വിക്ഷേപിക്കാനും രാജ്യം പദ്ധതിയിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.