പത്തുവർഷത്തിനിടെ ഭരണകക്ഷിയോഗം വിളിച്ച് കിം ജോങ് ഉൻ
text_fieldsപത്തു വർഷത്തെ അധികാരം പൂർത്തിയാക്കുന്ന വേളയിൽ കോവിഡ് മഹാമാരിയെക്കുറിച്ചും അമേരിക്കയുമായുള്ള നയതന്ത്രപ്രതിസന്ധിയെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഭരണകക്ഷിയോഗം വിളിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ (ഡബ്ല്യു.പി.കെ) നാലാമത് പ്ലീനറി യോഗമാണ് തിങ്കളാഴ്ച വിളിച്ചുചേർത്തത്. ലോക്ക്ഡൗൺ കാരണമുണ്ടാകുന്ന സാമ്പത്തിക പിരിമുറുക്കങ്ങളെയും ആണവായുധ പദ്ധതിക്ക്മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങളെയും സംബന്ധിച്ച് ലോകരാജ്യങ്ങളുമായി ഉത്തരകൊറിയ തർക്കത്തിലേർപ്പെട്ടിരിക്കുന്ന സമയത്തുതന്നെയാണ് യോഗം ചേരുന്നത്.
ഈ ആഴ്‌ചത്തെ പ്ലീനറി യോഗം എത്രനാൾ നീണ്ടുനിൽക്കുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 2019ൽ നാല് ദിവസത്തേക്കാണ് പ്ലീനറി യോഗം ചേർന്നത്. 2021ലെ പാർട്ടി നടപ്പിലാക്കിയ അജണ്ടകളെയും സംസ്ഥാന നയങ്ങളെയും അവലോകനം ചെയ്യുന്നതിനാണ് പ്ലീനറി യോഗം ചേരുന്നതെന്ന് ഉത്തരകൊറിയൻ ദേശീയമാധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
കിം ജോങ് ഉൻ അധികാരത്തിലേറിയിട്ട് 2021ൽ പത്തുവർഷം പൂർത്തിയാവുകയാണ്. 2011 ഡിസംബറിലാണ് അദ്ദേഹത്തിന്‍റെ പിതാവും ദീർഘകാല ഭരണാധികാരിയുമായ കിം ജോങ് ഇൽ മരണപ്പെടുന്നത്. പിതാവിന്‍റെ മരണശേഷം കിം ജോങ് ഉൻ അധികാരം കൈയ്യടക്കുകയും ഉത്തര കൊറിയയുടെ ആണവ, മിസൈൽ ആയുധശേഖരം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
ഇതിന് മുമ്പും പുതുവർഷത്തോടനുബന്ധിച്ച് കിം പ്രധാന നയപ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. 2018ൽ ദക്ഷിണ കൊറിയയിലെ വിന്‍റർ ഒളിമ്പിക്‌സിലേക്ക് പ്രതിനിധിയെ പ്രഖ്യാപിച്ചതും 2019ൽ അന്നത്തെ യു.എസ് പ്രസിഡന്‍റായ ഡൊണാൾഡ് ട്രംപുമായി ചർച്ച തുടരാന്‍ ആഗ്രഹമറിയിച്ചതുമെല്ലാം പുതുവർഷത്തോട് അടുപ്പിച്ചുള്ള പ്രഖ്യാപനങ്ങളായിരുന്നു. 'ലോകരാജ്യങ്ങളുമായി സംവാദത്തിനുള്ള വാതിലുകൾ തുറന്ന് ഉത്തരകൊറിയ പുതിയ വർഷം ആരംഭിക്കുമെന്നും ഇടപഴകലിനും സഹകരണത്തിനുമുള്ള ചുവടുവെപ്പായി ഈ ചർച്ചയെ പ്രതീക്ഷിക്കുന്നതായും' ദക്ഷിണ കൊറിയ മന്ത്രാലയം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.